ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. വിനു കൃഷ്ണന്‍ എം എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
undefined
ഒരാള്‍ മരമാകുമ്പോള്‍
ഒന്നുകൂടി നോക്കി,
ആരും വരുന്നില്ല.
പതിയെ തിരിഞ്ഞു നടന്നു.
മരങ്ങള്‍ പണ്ടേ പോലെ
മണ്ണിനെ തൊട്ടു നിന്നു.
വര്‍ഷമെത്ര കടന്നു പോയതാണ്.
അറിയാതെ പൂക്കളിലേക്ക്
നോട്ടം നീണ്ടു.
ആശ്വാസം...
പുഴു എടുക്കാതെ
ഇതളുകള്‍ ബാക്കിയുണ്ട്.
കൂട്ടത്തിലൊന്നിനെ
പതിയെ കൈയിലെടുത്തു.
അരികുകള്‍ ദ്രവിച്ചിരിക്കുന്നു.
എന്തിനാണ് മണ്ണ്
പൂക്കളെ തിന്നുന്നത്?
അറിയില്ല.
മണ്ണെടുക്കാത്ത പൂക്കള്‍ തേടി
വിരലുകള്‍ ഓടി നടന്നു.
ഇടയ്‌ക്കെപ്പോഴോ
വേരുകള്‍ കണ്ണിലുടക്കി.
അത്ഭുതം തന്നെ.
വേരുകള്‍ ആഴത്തില്‍
ഉറച്ചിരിക്കുന്നു.
മണ്ണു മൂടിയ വേരുകള്‍
എവിടേക്കാണ് പോകുന്നത്?
അവ എന്തിനെയോ
അന്വേഷിക്കും പോലെ
അലക്ഷ്യമായി പടര്‍ന്നിരിക്കുന്നു.
ഇപ്പോള്‍ പുറകിലെ ശബ്ദം
നന്നായി കേള്‍ക്കാം.
മറവി തിന്ന മനുഷ്യര്‍
തമ്മില്‍ ഓര്‍ത്തെടുക്കുന്നു.
കെട്ടിപ്പിടിക്കുന്നു.
പുഴുവെടുത്ത പൂക്കള്‍
കാറ്റത്താടുന്നത് പോലെ
അവര്‍ പഴയ കഥകള്‍
പറയുകയാണ്.
നിന്നനില്‍പ്പില്‍
എന്റെ കണ്ണുകള്‍ക്ക് കനംവെക്കുന്നു.
വേരുകള്‍ പോലെ നോട്ടം നീളുന്നു.
കണ്ണുകള്‍ ആരെയാണ് തേടുന്നത്?
മണ്ണു കീറിയ വേരിന്റെ പൊരുള്‍
ഇപ്പോള്‍ വെളിവാകുന്നു.
മരങ്ങള്‍ വേരാഴ്ത്തുന്നത്
ഓര്‍മ്മകളിലേക്കാണ്.
എന്താണിത്?
എനിക്ക് ചില്ലകളുണ്ടാകുന്നു.
മണ്ണിലേക്ക് വേരിറക്കുമ്പോള്‍
ചോര പൊടിയുന്നു.