ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. വിജി ടി ജി എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
പരപ്രവേശങ്ങള്‍
ഒരാളുടെ,
ഉള്‍ക്കാഴ്ചകളുടെ വീട്ടിലേയ്ക്ക്
പൂര്‍ണ്ണമായും
നിനക്ക് കടക്കാനാവില്ല.
സര്‍വ്വ മുറികളും
നിനക്ക് പിടിക്കണമെന്നില്ല.
ചേഷ്ടകളുടെ, മൊഴികളുടെ
ചായക്കൂട്ടുകളെല്ലാം,
രുചിക്കണമെന്നുമില്ല.
ഓര്‍മ്മകളുടെ തട്ടുമ്പുറങ്ങളും,
നിഗൂഢതകളുടെ നിലവറകളും,
ഭ്രമിപ്പിയ്ക്കണമെന്നുമില്ല.
കണ്ടു, കേട്ടു, ശ്വസിച്ചറിഞ്ഞ്
വെറുതെനടന്നു കാണുക
കാലാന്തരത്തില്‍ മാത്രം
തുറക്കുന്ന ചില മുറികളെ,
വെറുതെ വിടുക.
മുഴുവനായൊരിഷ്ടമതിനോട്
തോന്നിയില്ലെങ്കിലാ-
പ്രതീക്ഷകളുടെ താക്കോലുകള്‍
'കളഞ്ഞു പോയെ'ന്നൊരു,
കള്ളത്തിന്റെ കിണറ്റിലേയ്ക്ക്
അലക്ഷ്യമെറിയാതെ
തിരികെ നല്‍കുക.
അല്ലെങ്കില്‍ പിന്നൊരിയ്ക്കലും
തുറക്കാനാവാതൊരു
ഉന്മാദനിലയമായത്
കാടേറിയേക്കാം..
നൈരാശ്യത്തിന്റെ കൂമന്‍ കൂട്ടങ്ങള്‍
ഉള്ളറകളിലെ,
ഇരുട്ടുമരങ്ങളില്‍,
ഇരുന്നു മരണം മൂളിയേക്കാം.
ഒരുവനിലേയ്ക്കും ഉള്ള
താക്കോലുകള്‍
വാങ്ങി സൂക്ഷിയ്ക്കരുത്.
അവനവന്റേതപരനില്‍
കൊരുത്തിടുകയുമരുത്.
തമ്മില്‍ക്കഥ പറയുന്ന
രണ്ടു പുരാതനക്ഷേത്രങ്ങളാവുക..
മനസ്സിഷ്ടമായ
മധുര പ്രസാദങ്ങളെ,
തമ്മിലലിവിന്റെ,
പുഞ്ചിരിപ്പാലൂറ്റി
പാകപ്പെടുത്തുക.
ഹൃദയത്തിലേയ്ക്ക്-
പേരെഴുതാത്തൊരു
സ്‌നേഹത്താല്‍
ഒരിലച്ചീന്തു നീര്‍ത്തുക
വിശ്വബോധത്തിന്റെ
ഉള്‍നിലാവ് നനച്ചു
ഒരു തിരി തെളിയിക്കുക.
പ്രണയ, കാമങ്ങള്‍ക്കുമപ്പുറം
വിശുദ്ധ സ്‌നേഹത്തിന്റെ,
വെണ്‍വിഭാതങ്ങള്‍ വിരിയുന്ന
ഹിമഗിരികളില്‍,
ആത്മാനന്ദങ്ങളിലേയ്ക്ക്
മാത്രം കൊരുത്തിട്ട,
ഇരുമണിമുഴക്കങ്ങളാവുക.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...