ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. വിജി ടി ജി എഴുതിയ മൂന്ന് കവിതകള്‍
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
സ്‌നേഹപ്പൊതി
എവിടെയോ ഒരച്ഛന്‍
കരുതലിന്റെ നാക്കില വാട്ടി
സ്‌നേഹത്തില്‍ വെന്തൂറ്റിയന്നം
വിളമ്പി, പണ്ടെന്നോ.
കൊതിപൂണ്ടു
അരകല്ലില്‍ തോണ്ടി
രുചിച്ചോടിയ ബാല്യത്തിനായ്
ഒരോര്‍മ്മപ്പൂള്‍ കനവിലിട്ടു ചുട്ടു
ഉള്ളി, യുള്ളംചേര്‍ത്തരച്ചു
കണ്ണിലെണ്ണയിറ്റി മയത്തിലുരുട്ടി,
കാണുമ്പോള്‍എന്താകുമെന്ന്
പുളകത്തില്‍പുളഞ്ഞൊരു
പര്‍പ്പിടകവും ചേര്‍ത്തുകെട്ടി
വെയിലുപായവിരിച്ചതില്‍
പാദങ്ങള്‍ മുത്തി
കരിയാതെന്റെ വെയിലേയെന്ന്
കളിപറഞ്ഞു
സന്തോഷത്തില്‍കുളിര്‍ന്നു
നഗരം പിടിച്ചു..
കുഴച്ചുണ്ണുമ്പോള്‍ രുചികൊണ്ട്
കണ്ണ് തിളങ്ങുന്നതും
പണ്ടുവെച്ച അതേ മണമെന്ന്
കെട്ടിപ്പിടിച്ച് ഉമ്മകിട്ടുമ്പോള്‍
'വിയര്‍പ്പാണ് മോനെ,
നിന്റെ കുപ്പായം മണക്കു'മെന്ന്
പറഞ്ഞകറ്റുമെന്നോര്‍ത്ത്
ചിരിച്ചപ്പോള്‍ വണ്ടി നിന്നു...
പൊടിമറയിലേയ്ക്ക്
അച്ഛനെ ശകടം പെറ്റിട്ടു
തിടുക്കത്തില്‍ പടിയേറി
നക്ഷത്രം നാലഞ്ചു
മിന്നിയ കിടപ്പാടത്തിന്റെ
മേലേറി, മണികിലുക്കി..
വാതിലാരെ തുറന്നിട്ടു?
ഇനിയും കഴിച്ചുതീരാത്ത
കോഴിക്കാലും മന്തിയും
മനം മടുപ്പിച്ച
കള്ളിന്റെ നാറ്റവും
വരവേറ്റു താതനെ...!
പരിചയംപോരാത്ത
വിയര്‍പ്പുമണങ്ങള്‍
ആണ്‍, പെണ്‍ചിരികള്‍,
ഇന്നലത്തെ
ആഘോഷ ബാക്കികള്‍
ഇടയില്‍ തലപെരുപ്പ്
ഇനിയും മാറാത്ത
മകനും...
ഞാനൊന്നുംകണ്ടില്ല, കേട്ടില്ല
ഞാനിതിലെ വന്നിട്ടേയില്ല..
ഇതെന്റെ മകനല്ല
വഴിമാറി, വീടേറിയ
ഞാനാണ്
തെറ്റ്
അച്ഛന്‍ തെറ്റ്!
ഇന്നലെ, ഇന്ന്
ഇടനെഞ്ചില്‍,
രോമരാജിയിലെ
ആദ്യ ചുംബനത്തില്‍
പ്രണയത്തെ
എണ്ണിത്തുടങ്ങണം..
നിരതെറ്റിയ,
കുനുകുനെയെന്ന്
കുറിച്ച നിന്റെ
പ്രണയലേഖനം
രണ്ടാമതെണ്ണണം..
ഉറങ്ങുമ്പോഴും നിന്നെ
ശ്വസിക്കുവാന്‍ ചോദിച്ച
കൈലേസിനെ
മൂന്നാമതെണ്ണണം.
'വരുന്നോയീ കുഞ്ഞു
ജീവിതം പങ്കിടാ'നെന്ന
നിന്റെ
മറ്റൊരു കത്തിനെ
നെഞ്ചോടു ചേര്‍ക്കണം.
വാടകയ്‌ക്കൊരു മുറി
സാമ്രാജ്യമായത്
എന്നെന്നുമോര്‍ക്കണം,
ഭാഗ്യം ജോലിക്കത്തില്‍
തേരേറി വന്നതിന്‍
ആനന്ദമോര്‍ക്കണം..
സ്വര്‍ഗത്തില്‍
പെണ്‍കുഞ്ഞു
പൈതലായ് വന്നതിന്‍
ഓര്‍മയെ മുത്തണം,
രക്തരേണുക്കള്‍
തമ്മില്‍ക്കലര്‍ന്നതില്‍
നമ്മളെ കാണണം.
കുഞ്ഞു കാര്യങ്ങളില്‍
ഊണ്മേശയില്‍
പിണങ്ങിയതോര്‍ക്കണം,
വേണ്ടാത്ത സന്ദേഹങ്ങള്‍
വിത്തിട്ടു കിളിര്‍ത്തതു
വിധിയല്ല, ചതിയ്ക്കു
മറയിട്ടതെന്നും,
എന്നുമെന്നുമോര്‍ക്കണം.
ഒരുവളോട് ഉപമിച്ചു
തിരിഞ്ഞുകിടന്ന
രാത്രികളെയോര്‍ക്കണം.
എന്നിലേക്കൊഴുകിയ
നിന്റെ സര്‍വ്വ നദികളും
തുള്ളിശേഷിയ്ക്കാതെ
വേറൊന്നിലേയ്ക്ക്
ലയിച്ചതുമോര്‍ക്കണം.
ഒടുവിലൊരു കയര്‍ത്തുമ്പില്‍
നീ കയറി മേലേയ്ക്ക്
പറന്നതെന്നുമോര്‍ക്കണം.
എവിടെയാണെന്നോ
എന്താണെന്നോ
ഓര്‍ക്കാന്‍കഴിയാതെ
തലപെരുത്ത്
നിലയില്ലാ ജീവിതത്തില്‍
ഒരു കച്ചിത്തുരുമ്പിനു
ഞാന്‍,
പിടഞ്ഞതോര്‍ക്കണം.
നിര്‍ത്തട്ടെ...
ഓര്‍മകളിങ്ങനെ
തിളച്ചു തൂവി
കരിഞ്ഞൊരു
മണം പരക്കുന്നുണ്ട്.
മക്കള്‍ക്ക് വിശക്കുന്നു
വിളമ്പിയൂട്ടട്ടെ...
ശേഷം,നിന്റെ
ഉടുപ്പുതലപ്പാവുകള്‍
ഞാന്‍
എടുത്തണിയട്ടെ
അടുത്തൊരു വേഷം
കെട്ടിയാടട്ടെ.
അര്‍ത്ഥങ്ങള്‍
അച്ഛനെന്നൊരു
വാക്ക്,
സ്‌നേഹമെന്നും,
കരുത്താര്‍ന്നൊരു-
കരുതലെന്നും,
കാലമെഴുതുമ്പോള്‍..
കലിയെന്നും
കലഹക്കാരനെന്നും
കാലം
അതെനിക്ക്
'ദുഃഖ'ക്കുനിപ്പുകള്‍
തീര്‍ക്കുന്നു.
അമ്മയെന്നൊരു
വാക്ക്
കാവ്യമെന്നും,
കനിവെന്നും
ആവര്‍ത്തിക്കുമ്പോള്‍
പാതിരാത്രി
മണ്ണെണ്ണ വെട്ടത്തില്‍
കള്ളുമൂപ്പില്‍
എടുത്തലക്കി
ചോരവാര്‍ക്കുന്ന
ദേഹമെന്ന്, ദൈവം
വെട്ടിതിരുത്തുന്നു...
ചില വാക്കുകള്‍
കാമുകനാകുന്നു,
അത് കടലോളം
എന്ന് ചൊല്ലി,
കരയില്‍ വിളിച്ചിരുത്തി
മോഹചിപ്പിയില്‍
പ്രണയമെന്ന്
മുത്തു പതിയ്ക്കുന്നു.
മുത്തേയെന്നു
വിളിയ്ക്കുന്നു.
കരുത്തെന്നും
കരുതലെന്നും
കാവലെന്നും
ഇതുവരെ കിട്ടാത്ത
സ്‌നേഹമെന്നും
വടിവൊപ്പിച്ചു ഞാന്‍
മനസ്സിലെഴുതി,
തുല്യത്തിനായി
നീട്ടുമ്പോള്‍
ചതിയെന്നും
നേരമ്പോക്കെന്നും
കുത്തിവരച്ച്
അവന്‍
വെട്ടിത്തിരുത്തുന്നു.
ഇനിയൊന്നും
എഴുതാനില്ലാതെ
മഷി പടര്‍ന്ന
ഈ ജീവിതത്താളില്‍
മക്കളെന്നും,
ഭാവിയെന്നും
എഴുതി ചേര്‍ക്കുന്നു.
ഒരക്ഷരവും മങ്ങാതെ
കാക്കാന്‍
സരസ്വതിയ്ക്കുമുന്നേ
പ്രതീക്ഷയില്‍
പൊതിഞ്ഞുവയ്ക്കുന്നു.
പാരമ്യത്തില്‍
പ്രസാദിച്ചു
പായസമൂട്ടിയില്ലേലും
ആശ്വാസതീര്‍ത്ഥം
മതിയായിരുന്നു.
എഴുതി, പ്പറയാനീ
ദുഃഖ, ദുരിതങ്ങളല്ലാതെ
സ്‌നേഹ, മോദങ്ങളുടെ
പര്യായമേതും
ഈ തൂലികയ്ക്ക്
വശമില്ലേയെന്നൊരു
കലിച്ചോദ്യം
നിങ്ങളുടെ പേന
ചോദിയ്ക്കും മുന്‍പേ
അടിവരയിട്ട്
പേരുചേര്‍ക്കട്ടെ.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...