Malayalam Poem: വീട്, വെങ്കിടേശ്വരി കെ എഴുതിയ കവിത

By Chilla Lit Space  |  First Published Jan 30, 2024, 6:10 PM IST

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. വെങ്കിടേശ്വരി കെ എഴുതിയ കവിത


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

undefined

Also Read: അപ്പ, സൈനബ എസ് എഴുതിയ ചെറുകഥ

...........................


വീട്

ആരെങ്കിലും ചോദിക്കുമ്പോള്‍ മാത്രം, 
ഒന്നിനെയും തൊടാത്ത ദൂരത്തില്‍
അതാ വീടെന്ന്, കൈ ചൂണ്ടും...

ദൂരം... ശൂന്യത..

തൊട്ടാല്‍ മുറിപ്പെടും
എന്നതിനാല്‍, വഴിപോക്കര്‍
വിരലിലേക്ക് നോക്കി ചിരി മറക്കും.

ചെരുപ്പില്‍ പറ്റിയ എച്ചിലുകള്‍ 
തൂക്കാനെന്ന വ്യാജേന മണ്ണിലെഴുതും.

വാക്കുകള്‍ തെളിയാത്തതിനാല്‍
തോളില്‍ തട്ടിയെന്ന് 
ഉറപ്പ് തരാത്തത്ര കനക്കുറവില്‍
ഏതോ കാലത്തിനു കടം കൊണ്ട
രേഖ വരച്ചിടും.

രണ്ടാളും ഒരേപോലെ നിരക്ഷരാകും.

സൂര്യനപ്പോള്‍ നിഴലോ നിറമോ
എഴുതേണ്ടതെന്ന ശങ്കയില്‍
മലയില്‍ മലര്‍ന്നു കിടക്കും.

വഴിപോക്കര്‍ എന്നില്‍ നിന്നും
കണ്ണെടുത്തിട്ടുണ്ടാവില്ല.
അവരുടെ കാഴ്ചകളെ
എനിക്ക് തീരെ പരിചയവും ഇല്ല.

ചോദ്യങ്ങള്‍ അവസാനിച്ചാല്‍
ഇറങ്ങിപ്പോകുന്നവര്‍
വീടിനെകുറിച്ച് കൂതുഹലപ്പെടുന്ന-
തെന്തിനെന്ന് കാറ്റു പോലെ
ഞാനും തടഞ്ഞു നില്‍ക്കും.

അവരുടെ കൈയില്‍ നിറയെ
ചായം മുക്കിയ കടലാസുകള്‍
അപ്പോഴും ഉണങ്ങാതെ,
വിചിത്രമായ ചിത്രങ്ങള്‍കൊണ്ട് 
പിടഞ്ഞിരുന്നു.

.......................

Also Read: നെറയെ നെറയെ പെണ്ണുങ്ങള്‍, വെങ്കിടേശ്വരി കെ എഴുതിയ കവിതകള്‍

.......................

 

അതിലൊന്നിലും 
എന്നെ ഓര്‍മിപ്പിക്കുന്ന നിറങ്ങളൊന്നും
ഒഴിച്ചിരുന്നില്ല, ചിലത് വിരസവും
ചരിത്രം കൊണ്ട് കനച്ചതും ആയിരുന്നു.
അവരാരും വഴികളെക്കുറിച്ച്
സംസാരിച്ചതേയില്ല.

വീട്ടിലേക്ക് ചൂണ്ടിയ ദിക്കിലേക്ക് നോക്കി, 
ദൂരത്തെക്കുറിച്ച് കവിതകളെഴുതി...
വീട്ടിലേക്കുള്ള വഴി
കവിതകള്‍ മാത്രമാണെന്ന്
പരസ്പരം പിറുപിറുത്ത്,

വിരലിന്റെ വിപരീത ദിശയില്‍
കടലാസുകളും  കവിതകളും
കൊണ്ട് അവര്‍ മറഞ്ഞു.

വീടിരിക്കുന്ന ദിശയില്‍, 
മഞ്ഞ് പെയ്യുന്നുണ്ടാവാം, 
കാറ്റ്
കടലേറ്റി തളര്‍ന്നു,
അതിന്റെ വഴിയില്‍ 
എങ്ങോ ആവണം വീടെന്ന് 
ആരോ പറഞ്ഞുണ്ടാക്കിയ നുണക്കഥകള്‍
ഒലിച്ചു പോയത്.

കടലേന്തി, കഥകള്‍
കരകളെല്ലാം മായ്ച്ചു കളഞ്ഞത്.

വീട്, 
നുണ പറയാനുള്ള
വെറും വിരല്‍ചൂണ്ടല്‍ മാത്രമായത്.

 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

click me!