ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് വെങ്കിടേശ്വരി കെ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
മരിച്ചതില്‍ പിന്നെ
പല തരം
മരങ്ങളായാണ്
ഉയിര്‍ത്തെഴുന്നേല്‍പ്പ്.
അതില്‍ പൂക്കള്‍
കോസ്മിക് നിറമുള്ളതും
പഴങ്ങള്‍
മധുരം നിറച്ചതുമാണ്.
ഇലത്തിണര്‍പ്പുകളില്‍
ഉമ്മ
വെച്ചതില്‍പ്പിന്നെ
അതേ മരങ്ങളായി
കൂടു മാറാന്‍
നിങ്ങള്‍
ശരീരത്തെ
ഭൂതങ്ങള്‍ക്ക്
നല്‍കും.
പ്രണയത്താല്‍
ശരീരം നഷ്ടപ്പെട്ടവരുടെ
വനങ്ങള്‍ക്കിടയിലൂടെയാണ്
നിരന്തരം
സഞ്ചരിക്കുന്നതെന്നു
അറിയുന്ന
നിമിഷം തൊട്ട്
നിങ്ങള്‍
പകലിനെ
ഇരുട്ടെന്ന
പോലെ
ഭയക്കുകയും
ഋതുക്കളെ
മനപ്പൂര്‍വം
ഒളിപ്പിച്ചു
കടത്തുകയും
ചെയ്യും.
പ്രണയം
കരിമ്പൂച്ച
പോലെ
(കാട് മുഴുവന്‍ )
മുരളുന്നത്
കണ്ട്
അതേ
അച്ചടക്കത്തോടെ
നിങ്ങള്‍
കണ്ണ് പൊത്തി -
കളിക്കും
ചുരുണ്ട മുടി -
ക്കാറ്റിന്റെ
ഭാവവും
പുല്‍ച്ചാടിയുടെ
ധ്യാനവും
നിങ്ങളിലപ്പോ
ഊര്‍ന്നിറങ്ങിയിട്ടുണ്ടാവും.
ഇതാ ഇതാ
ഞാനെന്ന്
സ്വയം
തിരഞ്ഞ്
തിരഞ്ഞ്
ഓരോ
തടിയിലും
തോലുരച്ച്
നിങ്ങളവിടെ
മുഴുവനായോ
പാതിയായോ
മുറിഞ്ഞു
വീഴും...
അപ്പോ
മാത്രം
രൂപപ്പെട്ട
ചക്രവാതത്തെപ്പോലെ
ഉറക്കം
കിട്ടാതെ
പ്രകാശകാലത്തിനും
അപ്പുറത്തേക്ക്
നീട്ടി നീട്ടി
മഴയെറിയും.
അന്ന്
ഒരു
മലമുഴക്കി
ഉച്ചത്തില്‍
തന്റെ
ഇണയെ
തിരയും...