ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ടോബി തലയല്‍ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
വെയില് മൂത്തോന്നറിയാന്‍
മുറ്റത്തോട്ടിറങ്ങാതെ
ഇറയത്തു നിന്ന്
നിഴലിന്റെ മുഴുപ്പുനോക്കും, അപ്പൂപ്പന്‍.
കണ്ണുകള്‍ക്ക് മേലെ
കൈപ്പത്തി നിവര്‍ത്തി
അളക്കും സൂര്യന്‍ നടന്ന ദൂരം,
വേലിക്കലും വാഴക്കയ്യേലും
ഒന്നും കിട്ടീലെന്നു കാറുന്ന
കാക്കകളെ തെറിപറഞ്ഞാട്ടും.
പിന്നെ തിരികെ വന്ന്
വരാന്തയിലെ കാലാടുന്ന കസേരയില്‍
പിന്‍ഭാരം ഇറക്കിവെച്ച്
അംബീയെന്നു കൊച്ചുമോനെ
നീട്ടി വിളിക്കും
മുറുക്കാന്‍പെട്ടി അപ്പോള്‍
അപ്പൂപ്പന്റെ കൈകളിലിരുന്നു
ഞെരിപിരി കൊള്ളുന്നുണ്ടാവും
പറമ്പില്‍ തുമ്പിയെ പിടിക്കാന്‍ പോയ അംബി
ഊരിപ്പോയ നിക്കര്‍വള്ളി
തോളിലൂടെ വലിച്ചിട്ട്
കാക്കക്കരച്ചിലുകള്‍ക്കിടയിലൂടെ പറന്നുവരും
ചിരിപൂത്ത കൊന്നപോലെ
അപ്പൂപ്പനരികില്‍ ചാരി നില്‍ക്കും
വെറുതെ വായ് തുറന്നിരിക്കുന്ന ഇടികല്ലില്‍
അപ്പൂപ്പന്‍ അടക്ക നുറുക്കി ഇടുമ്പോള്‍
ഇടിക്കാന്‍ തയ്യാറായി അരികത്ത്
ചമ്രംപടിഞ്ഞിരിക്കും അംബി
തളിര്‍വെറ്റില തിരഞ്ഞെടുത്ത്
കൈവെള്ളയില്‍ വിടര്‍ത്തിവെച്ച് അപ്പൂപ്പന്‍
ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്തതെന്തോ
അറ്റത്തുനിന്ന് മുറിച്ചെടുക്കും,
ഉപേക്ഷിക്കാനാവാതെ
ചെന്നിയില്‍ ചേര്‍ത്തൊട്ടിക്കും
വെറ്റിലയുടെ നാഡി ഞരമ്പുകളെ
അപ്പൂപ്പന്‍
പരുക്കന്‍ വിരലമര്‍ത്തി തടവുമ്പോള്‍
പിടഞ്ഞെണീക്കും,
വാതം തളര്‍ത്തിയ വൃദ്ധന്‍.
ചുണ്ണാമ്പ് തേച്ചു പിടിപ്പിക്കവേ
മുന്നോട്ട് കുതിക്കും
നടുവൊടിഞ്ഞ യുവാവ്.
ചുരുട്ടിയ വെറ്റില
കല്ലില്‍ വെയ്ക്കുമ്പോള്‍
കണ്‍തുറക്കും
മര്‍മ്മക്ഷതമേറ്റ് ബോധമറ്റവന്‍!
അംബിയുടെ ആദ്യത്തെ ഇടിയില്‍
തെറിച്ചുപോകുന്ന
അടക്കാനുറുക്കുകള്‍ക്കൊപ്പം
അപ്പൂപ്പന്റെ വായില്‍ നിന്ന്
ഭ...കാരത്തിലൊരു പുളിച്ചതും തെറിക്കും.
സൂക്ഷിച്ച്, ഒതുക്കിവെച്ചിടിയെടാ
എന്നാണ് ആ വാക്കിന്റെ അര്‍ത്ഥമെന്ന്
വക്രിച്ച വായില്‍ നിന്ന് അംബി വായിച്ചെടുക്കും
എന്നിട്ട് മൗനത്തെ ഇടിച്ചിടിച്ച് ചതച്ചക്കും,
അമര്‍ഷമോ സങ്കടമോ
ചുവന്ന് ചുവന്ന് വരുന്നതുവരെ.
''മതി നിര്‍ത്ത്'' എന്നാജ്ഞാപിച്ച്
വിരലുകള്‍ കൂട്ടിപ്പിടിച്ച്
കല്ലില്‍ നിന്ന് മുറുക്കാന്‍
അപ്പൂപ്പന്‍ വടിച്ചെടുക്കും
ആകാശത്തേക്ക് തുറന്ന
പല്ലില്ലാത്ത വായയില്‍ നിക്ഷേപിക്കും,
കിണറില്‍ പാള മുങ്ങുന്ന ശബ്ദം കേട്ട്
അംബി ചിരിക്കും.
ജാപ്പാണം പുകയില അറ്റം മുറിച്ചെടുത്ത്
മോണയിലുഴിഞ്ഞ്
ഒരാവര്‍ത്തി അമര്‍ത്തിച്ചവച്ച്
രസം വരുത്തി അപ്പൂപ്പന്‍
വശം തിരിഞ്ഞ്
ഇടംകൈയ്യിലുയര്‍ത്തിയ
കോളാമ്പിയില്‍ തുപ്പുന്നതിന്മുമ്പ്
നാലാളുകള്‍ ചേര്‍ന്ന്
ചുമന്ന് കൊണ്ടുവരുന്നുണ്ടാവും
കവുങ്ങില്‍ നിന്ന് വീണ് ബോധമറ്റ ചെക്കനെ;
പിന്നാലെ, പടികടന്ന്
''ആശാനേ രക്ഷിക്കണേ'' എന്നൊരു
തള്ളയുടെ നിലവിളിയും.
അപ്പൂപ്പന്‍ ആകാശത്തേക്ക് നോക്കി
കണ്ണുകളടക്കും
അപ്പോള്‍ സൂര്യന്‍
ഉച്ചനിലയില്‍ എത്തിയിട്ടുണ്ടാവും.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...