ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ടോബി തലയല്‍ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
'അ' എന്നാദ്യാക്ഷരം
കണ്ഠത്തില്‍ മുറിയുമ്പോള്‍
പൊള്ളുന്ന കനലില്‍ നി-
ന്നോര്‍മ്മ കൈ വലിക്കുന്നു
'ആ'യുടെ കാതില്‍ നീണ്ട
തോട്ടിയാല്‍ വലിക്കുമ്പോള്‍
നീറുന്ന സ്വരവുമായ്
ആനയൊന്നെണീക്കുന്നു
'ഇ'താരാ? ചോദ്യം കേട്ട്
ഇരുട്ടില്‍ പതുങ്ങുന്നു
എലിയെ പിടിക്കാനെ-
ന്നൊരു പൊയ് പറയുന്നു
'ഈ'യെന്ന് പല്ലുകാട്ടി
ആര്‍ത്തൊന്നു ചിരിച്ചിട്ട്
ഈച്ചയെപ്പോലെ
ചുറ്റിപ്പറക്കുന്നൊരക്ഷരം
'ഉ'രുള കഴിക്കാത്ത
കുട്ടിയൊന്നുറക്കത്തില്‍
മുട്ടിന്മേലിരിക്കുന്നു
ഉറക്കെ കരയുന്നു
'ഊ' എന്നാരോ ഊതി
വേദനയകറ്റുന്നു
ഊഞ്ഞാലൊന്നിടാന്‍ വാക്കിന്‍
കൊമ്പിന്മേല്‍ കയറുന്നു
'ഋ'ണഭാരത്താല്‍ കൂനി-
പ്പോയൊരു കര്‍ഷകന്റെ
കഴുത്തില്‍ കുരുക്കായി
മാറരുതൊരിക്കലും
'എ'ങ്കിലും നീയോ? പിന്നില്‍
കത്തിമൂര്‍ച്ചയില്‍ കോര്‍ത്ത്
നില്‍ക്കുന്നു മുറിച്ചിട്ട
വാക്കുപോലനങ്ങാതെ
'ഏ'തു ശബ്ദമാണതില്‍
കെട്ടിയ മണികളാല്‍
മധുരം, പ്രണയാര്‍ദ്രം
ഈണത്തില്‍ വിളിക്കുന്നു
'ഐ'ക്യമെന്നൊരു മുദ്രാ-
വാക്യവും വിളിച്ചുകൊ-
ണ്ടെപ്പോഴും ചുരുട്ടിയ
മുഷ്ടിയോ നീ നീട്ടുന്നു
'ഒ'രിക്കല്‍ നീ സമ്മതം
മൂളിയതാണെന്നാലും
ചുരുണ്ടോരില പോലെ
മിണ്ടാതെ മടങ്ങുന്നു
'ഓ'ര്‍മകളുണ്ടാവണ-
മെന്നൊരു വിഷുപ്പക്ഷി,
ഓണത്തിനെത്താമെന്ന
പഴമ്പാട്ടുമായ് കുയില്‍
'ഔ'ചിത്യം വേണം ഓരോ
വാക്കിലും നോക്കിലുമെ -
ന്നെപ്പോഴും മൊഴിയുന്ന
മുത്തശ്ശിയാണല്ലേ നീ?
'അം'ബരം ചുംബി,ച്ചെന്നാല്‍
അമ്മ തന്‍ ആനന്ദമായ്
സാകല്യം നുകരുന്ന
കണ്ണനായ് മയങ്ങുന്നു
'അ'മ്മയെന്നൊരു വാക്കിന്‍
മടിയിലല്ലോ അര്‍ത്ഥം
തേടി അക്ഷരക്കൂട്ടം
ഓടിവന്നിരിക്കുന്നു!
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...