ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ടോബി തലയല്‍ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
അയാളുടെ ഹൃദയംതുടിച്ചതും
മിടിച്ചതും കുഞ്ഞാടിനുവേണ്ടി ആയിരുന്നു
മടിയില്‍ വെച്ചോമനിച്ചും
നെഞ്ചില്‍ കിടത്തി ലാളിച്ചും
അയാളവളെ വളര്‍ത്തി
പച്ചയായ പുല്‍പ്പുറങ്ങളിലേക്കും
സ്വച്ഛമായ ഉറവുകളിലേക്കും
അനുദിനംനടത്തി
കാലൊന്നു കുഴഞ്ഞാല്‍ തോളില്‍ വഹിച്ചും
മുള്‍പ്പടര്‍പ്പില്‍ ചുവടൊന്നു തടഞ്ഞാല്‍
നിലവിളിപോലെ പാഞ്ഞെത്തിയും
നാട്ടിലെ നായ്ക്കും
കാട്ടിലെ നരിക്കും കൊടുക്കാതെ
മേശക്കരികിലെ ഒലിവുതൈ എന്ന പോലെ കാത്തു.
ആറ്റരികത്തെ തണുപ്പുറങ്ങുന്ന തണലിലും
മഞ്ഞവെയില്‍ പൂത്ത താഴ്‌വരകളിലും
അവള്‍ ഉല്ലാസം ധരിച്ചു നടന്നു
അവളുടെ കണ്ണുകളില്‍
മയിലുകള്‍ നൃത്തംവെച്ചു
കവിളില്‍ ലെബനോനിലെ ദേവദാരു പൂത്തു
കണ്ഠത്തില്‍ ഒരു സ്വരഗോപുരം ഉയര്‍ന്നു
മാറില്‍ ഇണപ്പിറാവുകള്‍ തിന കൊറിച്ചിരുന്നു.
റബ്ബര്‍ മരങ്ങള്‍ പാല്‍ ചുരത്തുകയും
കാപ്പിച്ചെടികള്‍ മുത്തുമാല കോര്‍ക്കുകയും
നെല്‍വയലുകള്‍ പൊന്നണിയുകയും
ചെയ്താറെ
അയാള്‍ പറഞ്ഞു:
ഞാനിവളെ നല്ലൊരിടയന്റെ
കൈകളില്‍ ഏല്‍പ്പിക്കും
അങ്ങനെ എന്റെ ജീവിതം
മികച്ച വിളവിനാല്‍ സംതൃപ്തമായ
കര്‍ഷക ഭവനംപോലെയും
എന്റെ വാര്‍ദ്ധക്യം
സമാധാനത്തോടെ അസ്തമിക്കുന്ന
പകല്‍പോലെയും ആകും.
അങ്ങനെ ആ ദിനവും വന്നെത്തി
കരളുപറിച്ചുകൊടുക്കുന്നതുപോലെ
അയാള്‍ അവളെ
കയറോടെ പിടിച്ചുകൊടുത്തു
കഴുത്തിലെ മണി
നൂറുപവന്‍ തിളക്കത്തില്‍ കിലുങ്ങി
സന്ധ്യക്കണയാന്‍ സമ്പന്നമായ തൊഴുത്തും
ആവോളം മേയാന്‍
തക്ക കാലത്തു ഫലംകായ്ക്കുന്നതും
ഇലവാടാത്തതുമായ വൃക്ഷലതാദികള്‍
ഇടതിങ്ങുന്ന ആറ്റരികത്തെ പറമ്പും
ഇടയന് സമ്മാനമായ് നല്‍കി.
ഇടയനിലെ കശാപ്പുകാരനെ
അയാള്‍ തിരിച്ചറിഞ്ഞില്ല
കണ്ണുകള്‍ കൊണ്ട് തൂക്കമളന്ന്
മാംസം കഷ്ടിയാണെന്ന്
അടക്കം പറഞ്ഞത് കേട്ടില്ല
വളര്‍ത്താനുള്ള ഒതുക്കം
തീരെയില്ലെന്ന് നാക്കിന്മൂര്‍ച്ച കൂട്ടിയത് കണ്ടില്ല
തൊലി മിനുപ്പ് കുറവാണെന്നും
എല്ലിന് ഇളപ്പം പോരെന്നും
പല്ലിട കുത്തി തുപ്പിയ വര്‍ത്തമാനവും േകട്ടില്ല
അവളുടെ അകന്നുപോയ
അവസാനത്തെ കരച്ചിലും
അത് നിലയ്ക്കുവോളം അയാള്‍ അറിഞ്ഞില്ല.