ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ടോബി തലയല്‍ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
അന്തിക്കള്ളും മോന്തി
ഷാപ്പീന്നെറങ്ങി
പടിഞ്ഞാട്ടേക്കു നടക്കുന്നു
പതിവുകാരന്‍
കണ്ണുകള്‍ നന്നായി ചോന്നിട്ടുണ്ട്
കൈലിമുണ്ടഴിഞ്ഞ്
കാറ്റില്‍ പറക്കുന്നുണ്ട്
കാലുകള്‍ തെങ്ങോല പോലെ ആടുന്നുണ്ട്
വഴിയിലാകെ
മുറുക്കിത്തുപ്പുന്നുണ്ട്
സന്ധ്യയുടെ കുടിലില്‍
പകലത്തെ ക്ഷീണം മുഴുവന്‍
ഇറക്കി വെക്കാന്‍ തിടുക്കമുണ്ട്
ചന്തയില്‍ പോയ് മടങ്ങുന്ന പെണ്ണുങ്ങളുടെ
ചന്തത്തില്‍ മയങ്ങിപ്പോകുന്നുണ്ട്
ചോരയിറ്റുന്ന ഇറച്ചിക്കടക്കു മുന്നിലും
മീന്‍ തട്ടിയില്‍ ഈച്ചയാര്‍ക്കുന്ന
കണ്ടിച്ച ചൂരത്തലയിലും
നോക്കി നില്‍ക്കുന്നുണ്ട്
ചെക്കന്റെ സൈക്കിള്‍ മണിക്കും
കാറിന്റെ ഹോണിനും
സൈഡു കൊടുക്കാതെ
റോഡ് നിറഞ്ഞു പോകുന്നുണ്ട്
കവല കടന്ന്
ഇറക്കം ഇറങ്ങി
ദൂരെ ദൂരെ
ആകാശച്ചെരിവിറങ്ങി
കൂടണയുന്ന പക്ഷികള്‍ക്കൊപ്പം.
രാവിലെ
കിഴക്കേ ഷാപ്പില്‍
തലയില്‍ വെള്ളമുണ്ടിട്ട് കേറുന്നത്
ഇളം കള്ള് രുചിച്ചിരിക്കുന്നത്
ഈ പതിവുകാരനാണെന്നൊരു
സംസാരമുണ്ട്, പരക്കെ!
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...