ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ടി എം പ്രിന്‍സ് എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
പത്തു മുപ്പത് വര്‍ഷം മുന്‍പാണേ,
കാഞ്ഞിരപ്പള്ളിയിലെ
റബ്ബര്‍ തോട്ടത്തിന്റെ നടുക്കുള്ള ബംഗ്ലാവിന്റെ മുകളില്‍
റേച്ചലിന്റെ അനിയന്റെ മോന്‍
ഗള്‍ഫീന്ന് കൊണ്ടോന്ന
കുടപോലത്തെ ആന്റിന വെച്ച്
ഡയനാരോ ടീവിയില്‍ യുദ്ധം കണ്ടോണ്ടിരുന്നു
സി എന്‍ എന്‍ എന്നും,
ബി ബി സിയും കിട്ടുന്ന വേറേ സ്ഥലം
അന്ന് നാട്ടില്‍ ഇല്ലാരുന്നേ.
രാവിലത്തെ കുര്‍ബ്ബാന കഴിഞ്ഞാല്‍
വികാരിയച്ചന്‍ വന്നു ടീവിടെ മുന്നിലോട്ട് ഇരിക്കും,
പിന്നെ കരയോഗം സെക്രട്ടറി
ശാഖയോഗം പ്രസിഡന്റ്
പിന്നെല്ലാവരും
എന്നാ രസാരുന്നെന്നോ യുദ്ധം!
മിസൈലുകള്‍ പാഞ്ഞുപോകുന്നു
ഒന്ന് വേറൊന്നിനെ തകര്‍ക്കുന്നു
പീരെങ്കീന്നു തീഗോളം പായുന്നു
ബോംബിട്ട് പായുന്നു വിമാനോം
എന്നാ രസാന്നോ
രക്തത്തില്‍ കുളിച്ച്
ആളോളിങ്ങനെകിടക്കുന്നത്
രാത്രീലെ യുദ്ധം കാണാനാണ് രസം
പൂരപ്പറമ്പുപോലാകാശം
തീപിടിച്ച കടലും!
കണ്ടോണ്ടിരിക്കുമ്പോള്‍
റേച്ചല്‍
നല്ല കുടമ്പുള്ളിയിട്ട് വറ്റിച്ച മീന്‍കറീം,
പോത്തുലര്‍ത്തിയതും,
പന്നിക്കറിയും,
നാടന്‍ കോഴി വറുത്തരച്ചതും,
കുത്തരി ചോറും
ഒക്കെയായി രംഗം കൊഴുപ്പിക്കും.
കശുമാങ്ങയിട്ട് വാറ്റിയ നല്ല നാടന്‍ ചാരായം
പിറകിലെ ഷെഡില്‍ വെച്ചിരിക്കും.
ആവശ്യക്കാര്‍ ഇടക്ക് പോയി
കുടിച്ചും അമ്പഴങ്ങാച്ചാറ് നാക്കേതേച്ചും
ചിറിയും തുടച്ചു വന്നു
എന്നാ രസാരുന്നെന്നോ യുദ്ധം!
അവസാനിച്ചപ്പോള്‍
ആകെയൊരു നിരാശയായിരുന്നു.
വീടാകെ ചത്തു.
പിറ്റേന്ന് രാവിലെ
പത്രത്തിന്റെ മുന്‍ പേജ് നിറയെ യുദ്ധം ആയിരുന്നു
അകത്തെ പേജ് തുറന്ന്
വിപണി നോക്കിയപ്പോള്‍ ഞെട്ടിപ്പോയി
കുരുമുളകിനും റബ്ബറിനും
വിലയിടിഞ്ഞിരിക്കുന്നു!
കുറെ നേരം താടിക്കു കൈയും കൊടുത്തിരുന്ന്
പണിക്കാരുടെ കൂടെ ഞാനും തോട്ടത്തിലേക്കിറങ്ങി.
ഒരു കൂലിയെങ്കിലും ലാഭിക്കാമല്ലോ!
യുദ്ധം തന്നാര്ന്നു രസം!
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...