ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ടി എം പ്രിന്‍സ് എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
അരുന്ധതിറായ്
ഗോഡ് ഓഫ് സ്മാള്‍ തിങ്‌സ്
എഴുതുന്നതിനും മുന്‍പ്,
അന്‍പത്തിയേഴിലെ ഇ എം എസ് മന്ത്രിസഭ
അധികാരത്തില്‍ വരുന്നതിനും മുന്‍പ്
അയ്മനം കവലയില്‍
ഒരു മുറുക്കാന്‍കട
ഉണ്ടായിരുന്നു.
അതിനു മുന്നിലെ
ഇളകുന്ന മരബെഞ്ചിന്റെ അറ്റത്ത്
മുറിക്കയ്യന്‍ ബനിയനും
ലുങ്കിയും ധരിച്ചു
മടിയിലൊരു മുറത്തില്‍
ബീഡിയില വെട്ടി, പുകയില നിറച്ചു
നൂലുകൊണ്ട് കെട്ടി
ശിരസ്സും കയ്യും
ഒരേ താളത്തില്‍ ചലിപ്പിച്ച്
മുറത്തിന്റെ മൂലയിലേക്ക്
തെറുത്ത ബീഡി എറിഞ്ഞ്
പതിഞ്ഞ സ്വരത്തില്‍
ദേശീയ അന്തര്‍ദേശീയ
കാര്യങ്ങള്‍ വാതോരാതെ
പറഞ്ഞുകൊണ്ടിരിക്കും
തെറുപ്പുകാരന്‍
ബ്രിട്ടന്‍, ഫ്രാന്‍സ്, അമേരിക്ക..
ക്യുബ, ചൈന, റഷ്യ...
മുതലാളിത്തം, ചൂഷണം
കമ്മ്യൂണിസം...
മുറുക്കാന്‍ കടയുടെ
മുന്‍പിലെ ബെഞ്ച്
വിപ്ലവവും മുതലാളിത്തവും
കൂടിക്കുഴഞ്ഞ
ഒരു ലോകമായി മാറും അപ്പോള്‍.
ബെഞ്ചിന്റെ ഒഴിഞ്ഞ ഇടങ്ങളില്‍ വന്നിരിക്കുന്ന
സമയം കൊല്ലികള്‍
തെറുപ്പുബീഡി വലിച്ചു
വായുവിലേക്കു ഊതി വിടും
അത് ചിലപ്പോള്‍
ബ്രിട്ടന്റെയോ ഫ്രാന്‍സിന്റെയോ
രൂപം പ്രാപിച്ചു വായുവില്‍ അലിഞ്ഞുപോകും.
വെറ്റിലമുറുക്കി നീട്ടിതുപ്പി
അതിനു ചൈനയുടെയോ
റഷ്യയുടെയോ രൂപം കല്‍പ്പിക്കും.
ഇതിനിടയില്‍
മോസ്‌കോ കവലയില്‍ നടത്തുന്ന
കെ. പി. എ.സി യുടെ
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി
നാടകത്തിന്റെ
ഫണ്ട് പിരിവിനെത്തുന്ന
സഖാവ് മണിയേട്ടന്‍
ഒരു വട്ട്‌സോഡാ പൊട്ടിച്ചു കുടിച്ച്
ഏമ്പക്കം വിട്ട്,
തിരുനക്കര മൈതാനത്ത് ഇ എം.എസ് പ്രസംഗിച്ചതും
ടെമ്പിള്‍ കോര്‍ണറില്‍
ഗൗരിയമ്മ വന്നതും
ഒക്കെയൊന്നു വിസ്തരിച്ച്
പാര്‍ട്ടി ഓഫീസിലേക്ക്
സ്റ്റാഡി ക്ലാസ്സ് എടുക്കാന്‍
നടന്നു പോകും.
വൈക്കത്ത് ഗാന്ധിജി വന്നപ്പോള്‍,
മഹാത്മാവിനെ തൊട്ട
ഗാന്ധിയന്‍ കൃഷ്ണന്റെ മകന്‍
ഇതൊക്കെ കേട്ട് ആസ്വസ്ഥനായി
കൈത്തറി ജുബ്ബയുടെ പോക്കറ്റില്‍ നിന്നും
പൊടികുപ്പിയെടുത്തു
രണ്ട് മൂക്കിലും ഒന്ന്
ആഞ്ഞുവലിച്ചു
പിറുപിറുത്തുകൊണ്ട്
റബ്ബര്‍ തോട്ടത്തിനുള്ളിലെ
ഇടവഴിയിലൂടെ നടന്നുപോകും.
കാലഭേദങ്ങളുടെ
ഭാവ പകര്‍ച്ചകളിലും
മുറുക്കാന്‍കടയുടെ
മുന്നിലെ ബെഞ്ചില്‍
ഇത്തരം സംഭാഷണങ്ങള്‍
വലിയ വ്യത്യാസം ഇല്ലാതെ
അരങ്ങേറിക്കൊണ്ടിരുന്നു.
ദിവസവും രാത്രിയില്‍
കടയടച്ചു
മുറുക്കാന്‍കടക്കാരനും
തെറുപ്പുകാരനും
ഒരേ ഓലചൂട്ടിന്റെ വെളിച്ചത്തില്‍
ഇരുളിനെ മുറിച്ച്
മീനച്ചിലാറിന്റെ കടവ് കടന്നു
വീട് തേടി പോകും
അപ്പോള്‍ കടയുടെ മുറ്റത്ത്
മഴയിലും, മഞ്ഞിലും, ഉഷ്ണത്തിലും,
ആകാശം നോക്കി കിടക്കും
മരബെഞ്ച്.