ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. തസ്നി ജബീല്‍ എഴുതിയ കവിതകള്‍
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
ചിറകടിയുടെ ദൂരം
പ്യൂപ്പയിലിരുന്ന നാളുകളില്‍
വെറും പുഴുവെന്ന് പറഞ്ഞ്
പരിഹസിച്ചവരേറെ.
എന്നിട്ടുമൊരുദിനം
അവള്‍ക്ക് ചിറകുകള്‍ മുളച്ചു,.
വെളിച്ചത്തിലേക്ക് പറന്നു.
ഹാ! എന്തഴക്, ലോകം വാഴ്ത്തിപ്പാടി
കവികള്‍ വര്‍ണിച്ചു
പൂക്കള്‍ ഊഴം കാത്ത് അണിനിരന്നു.
ഭൂമിയില്‍ മനോഹരമായ ഷഡ്പദമായി
അവളുടെ പേര് മായാതെ കുറിക്കപ്പെട്ടു
കുന്നുകള്‍ താണ്ടി ആകാശം തേടി
അവള്‍ പിന്നെയും പറന്നുയര്‍ന്നു.
എന്നാല്‍ ചിലരാകട്ടെ
പ്യൂപ്പയില്‍ നിന്നും
പുറത്തു കടന്നിട്ടും
ചിറകുകള്‍ പൂട്ടി
പുഴുവെന്ന് നിനച്ച്
ഇരുട്ടിനുള്ളില്‍ എന്നുമെന്നും
ഉറങ്ങിക്കിടന്നു.
പുഴുവില്‍ നിന്നും പൂമ്പാറ്റയിലേക്കെത്താന്‍
ഒരു ചിറകടിയുടെ ദൂരമേ ഉള്ളൂ എന്നറിയാതെ.
നിന്നെ വരക്കുമ്പോള്‍
നിര്‍ന്നിമേഷം നോക്കി
നിന്‍ രൂപം വരച്ചു.
നീലനയനങ്ങള്‍
ഇടതൂര്‍ന്ന കാര്‍കൂന്തല്‍
വിടര്‍ന്നയധരങ്ങള്‍
അംഗലാവണ്യം ചോരാതെ
ജീവന്‍ തുടിക്കുന്ന ചിത്രം.
എന്നിട്ടും നീ പറയുന്നു
കണ്ണിലെ കടലാഴങ്ങളെ
എനിക്ക് കണ്ടെടുക്കാനായില്ലെന്ന്
അതിലൊഴുകും വിഷാദയലകള്‍
മോഹത്തുരുത്തുകള്‍ ,
സ്വപ്നങ്ങളുടെ പരല്‍മീന്‍ തുടിപ്പുകള്‍
വിടര്‍ന്നു ചിരിക്കുമ്പോഴും
വിങ്ങും നെഞ്ചകം...
ഒന്നുമീ ചിത്രത്തില്‍ തെളിഞ്ഞില്ല.
എനിക്കൊരിക്കലുമാവില്ല
നിന്‍ ഹൃദയജാലകക്കാഴ്ചകള്‍
വരച്ചുചേര്‍ക്കാനെന്ന്
പരിഭവം പറഞ്ഞു നീയിറങ്ങുമ്പോള്‍
കേട്ടുവോ സഖീ
എന്റെയുള്ളിലനേകം ചായക്കൂട്ടുകള്‍
ഒരുമിച്ചുടഞ്ഞു വീഴും നിശ്്ശബ്ദത.