ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് തസ്നി ജബീല്‍ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
നീന്തിത്തുടിക്കാന്‍ ജലാശയവും
തഴുകിത്തലോടാന്‍ തെന്നലും
കനവുകള്‍ കാണാന്‍ ആകാശവും
മനം നിറയെ മഴയുമുണ്ടായിരുന്നു.
ഓളവും താളവുമായ്
ഇളം തണുപ്പില്‍
ജീവിതം മെല്ലെ ഒഴുകി.
എന്നിട്ടുമെന്തിനാണ് മത്സ്യമേ ,
ആരോ എറിഞ്ഞിട്ട ചൂണ്ടക്കൊളുത്തിലേക്ക്
ഒന്നുമോര്‍ക്കാതെ നീ എടുത്തു ചാടിയത് ?
കടല്‍ക്കരയിലെ ഉരുകുന്ന
മണല്‍തരികളിലാണ് നീ.
കുറ്റബോധത്താല്‍
പിടയ്ക്കുന്നു നെഞ്ച്.
ഒരിറ്റു ജലത്തിനായ്
കേഴുകയാണ് മിഴികള്‍.
ചുറ്റും കൂടിയിരുന്നവര്‍
ഉറ്റുനോക്കുന്നത്
നിന്റെ രുചിയുള്ള മാംസത്തിലേക്ക്
മാത്രമാണല്ലോ മല്‍സ്യമേ...