ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഡോ. താരാനാഥ് ആര്‍ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
അമ്പലക്കുളത്തില്‍ നീന്തല്‍ പഠിക്കാന്‍ പോയന്ന് രാത്രി,
മരിച്ചു പോയ മുത്തശ്ശി സ്വപ്നത്തില്‍ വന്ന്
ഒരു ഉപായം അവളോട് പറഞ്ഞേച്ചും പോയി!
രാവിലെ പല്ലേക്കുമ്പൊഴും
ചായേം ദോശേം തിന്നുമ്പോഴും
തുണി തോരയിടുമ്പോഴും
അവള്‍ വിദൂരതയില്‍ കണ്ണു തറച്ച്
ഉപായത്തെ തിരിച്ചും മറിച്ചും പഠിച്ചു .
'കുളിക്കാന്‍ നിക്കാതെ വേഗം വാ'
എന്ന് രണ്ടാം ദിന നീന്തല്‍ക്കുളം ദൂരേന്നു വിളിച്ചു .
നടന്നടുക്കുമ്പോള്‍
ചെക്കന്‍മാരുടെ പരിഹാസച്ചിരി
മുള്ളന്‍കായപോലെ കാലിലിറുക്കി .
കൂപ്പില്‍ നിന്നു ചാടുന്ന സ്വര്‍ണ്ണ മീനുകള്‍
പടിയില്‍ നിന്നും വെള്ളിമീനുകള്‍
വാഴപ്പിണ്ടിയില്‍,
തേങ്ങയില്‍,
റബ്ബര്‍ ട്യൂബില്‍...
പല നിലയില്‍
വെങ്കല മീനുകള്‍
ഇളം മഞ്ഞ ഷെമ്മീസിട്ട് അവള്‍
പെരുവിരലൂന്നി നേരേ കൂപ്പിലേക്ക്
നടന്നപ്പോള്‍
ശ്ശ്ശ്...ശ്... എന്നും പറഞ്ഞ്
ചുറ്റോലും ഉള്ള ആണുങ്ങള്‍
ഉള്ളിലേക്ക് വലിച്ച വായുവിനാല്‍
നിര്‍മ്മിക്കപ്പെട്ട
പ്രാദേശിക ശൂന്യതയില്‍ കാലുവെച്ച്
അവള്‍ വെള്ളത്തിലേക്ക് കൂപ്പു കുത്തി!
വെള്ളം തറച്ച് പരിക്കേറ്റ
നിശ്ചലമായ പശ്ചാത്തലത്തില്‍
നിന്നും അടക്കിപ്പിടിച്ച ശ്വാസങ്ങള്‍
ഒന്നൊന്നായി തല പുറത്തേക്കിട്ടു !
തരംഗങ്ങള്‍ വട്ടം വരച്ച
ജലോപരിതലത്തിന്റെ
ഒത്ത നടുവിലേക്ക്
നോട്ടങ്ങള്‍ തുരു തുരാ എയ്തു
അതാ,
കയ്യിലൊരു ചേറു പിടിച്ച സ്വര്‍ണ്ണമാലയുമെടുത്ത്
അവള്‍ പൊന്തി വന്നു!
ആകാശത്തിന് കനം കൂടി
നീന്തലാശാന്‍മാരുടെ മുതുകത്ത് വീണു.
സൂര്യനെ ഒരു സ്വര്‍ണ്ണ മെഡലായി
അവള്‍ ഞാത്തിയിട്ടു.
അതില്‍ തട്ടി അവളുടെ കുഞ്ഞ് അമ്മിഞ്ഞകള്‍
അഭിമാനത്താല്‍ ത്രസിച്ചു!
ഒറ്റദിവസത്തിന്റെ
മിന്നല്‍ വിദ്യയില്‍ ജ്വലിച്ചും കൊണ്ട്
അവള്‍ വീട്ടിലേക്കോടി.
ഈറന്‍ കുപ്പായത്തോടെ
അവളെ കെട്ടിപ്പുണര്‍ന്നു,
മുത്തശ്ശിയായ ആ വീട്!
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...