ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ടി ഐശ്വര്യ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
എന്റെ നാല് പ്രണയങ്ങള്‍
ആദ്യം പ്രണയിച്ചതൊരു രാഷ്ട്രീയക്കാരനെയാണ്,
ബുദ്ധിയും തന്ത്രവും കൊണ്ട്
അവനെന്നെ പ്രണയതടങ്കലിലാക്കി,
ഭ്രമം വിട്ടുണര്‍ന്ന
ഞാനൊന്ന് ചോദ്യം ചെയ്തപ്പോഴേക്കും
അവന്‍ എന്നെ നാടുകടത്തിക്കളഞ്ഞു,
ഒരുളുപ്പുമില്ലാതെ
പുതിയ കൊടിയും നാട്ടി.
പിന്നീട് പ്രണയിച്ചത്
ഒരു കവിയെയാണ്,
വര്‍ണ്ണനകളുടെ മായാലോകത്തിലെത്തിച്ച്
എന്നെ അവന്‍ പ്രണയപരവശയാക്കി,
പക്ഷേ
ആശയദാരിദ്ര്യം ബാധിച്ചെന്നും പറഞ്ഞവന്‍
ഒരുനാള്‍ എന്നെവിട്ട്
പുതിയ അലങ്കാരങ്ങള്‍
തേടി പോയി.
പിന്നീട് ഞാന്‍ പ്രണയിച്ചത്
ഒരു സിനിമാനടനെയാണ്.
ക്ഷണികതയുടെ
തീവ്രബോധം നിഴലിച്ച
ബന്ധമായിരുന്നെന്നറിഞ്ഞിട്ടും
ആ പ്രണയ നിമിഷങ്ങള്‍
അവന്‍ മഹോത്സവങ്ങളാക്കി,
എന്നാലൊടുവില്‍
മധുചഷകം വറ്റിയെന്ന്
പരാതിപ്പെട്ടവന്‍
പുതിയ ലൊക്കേഷന്‍
തേടി പുറപ്പെട്ടു.
അവസാനമായി പ്രണയിച്ചത്
ഒരു അധ്യാപകനെയാണ,
തന്ത്രമോ, തേന്‍മൊഴിയോ, മായികതയോ
എനിക്കവന്‍ വെച്ച് നീട്ടിയില്ല.
കുഞ്ഞുങ്ങളുടെ
ദൈവികമായ നോട്ടങ്ങളാല്‍
ശുദ്ധീകരിക്കപ്പെട്ട
ഒരു മനസ്സു മാത്രം
അവന്‍ എനിക്ക് സമ്മാനിച്ചു,
സര്‍വ്വ സംതൃപ്തിയോടെ
ഞങ്ങളുടെ പ്രണയം അനശ്വരമായി
ഇന്നും പൂത്തുലയുന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...