Malayalam Poem : കാമുകിയും കവിതാസമാഹാരവും, സുരേഷ് നാരായണന്‍ എഴുതിയ കവിത

By Chilla Lit Space  |  First Published Mar 23, 2023, 4:26 PM IST

ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍.  സുരേഷ് നാരായണന്‍ എഴുതിയ കവിത


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

Latest Videos

undefined

 
ഹൃദയത്തിന്റെ സ്ഥാനത്ത് മെമ്മറി കാര്‍ഡ് ഉള്ള ഒരുവളെ ഞാന്‍ പ്രണയിക്കുന്നു.


കാണുമ്പോഴെല്ലാം
അവളുടെ കൈകളില്‍
ഒരു അപൂര്‍ണ കയ്യെഴുത്തു പ്രതി 
തുടിച്ചു കൊണ്ടിരുന്നു.

'എന്റെ ആദ്യ കാവ്യസമാഹാരമാണ്; അവസാനത്തേതും.'
ഒടുവില്‍ അവള്‍ പറഞ്ഞു.

'എന്താണു പേര്?' ഞാന്‍ ചോദിച്ചു
'പേരിട്ടിട്ടില്ല. 
മൂന്നു ഭാഗങ്ങളായി തിരിച്ച് 
ഞാന്‍ എഴുതിക്കൊണ്ടേയിരിക്കുന്നു.
തീവ്രവ്യസനങ്ങള്‍ ,യുദ്ധസഖ്യങ്ങള്‍, ബൗദ്ധിക വചനങ്ങള്‍..'

'നോക്കൂ...' 

അന്നവള്‍ സംസാരിക്കാനുള്ള 
ആവേശത്തിലായിരുന്നു.
'ഇതില്‍ പകുതിയിലേറെയും 
എഴുതാനുള്ള പേജുകളാണ്.
ഓരോ പേജുകള്‍ എഴുതി നിറയ്ക്കുമ്പോഴും
മരണത്തോട് കൂടുതല്‍ 
അടുത്ത് അടുത്ത്..'

'അവസാന പേജ് എഴുതിത്തീര്‍ക്കുന്ന അന്നുതന്നെ ഈ ബുക്ക് പ്രകാശിപ്പിക്കണം. 
ലോകമെന്നെ ചുംബിക്കുന്ന ഒരു നാള്‍. 
അന്നുതന്നെയാണ് മരണവും എന്നെ ചുംബിക്കാന്‍ ആ ഹാളിന്നറ്റത്തു കാത്തുനില്‍ക്കുക'.

'ദൈവമേ ,
അതെങ്ങനെയുണ്ടാകും?' 
അന്നാപ്രാവിന്റെ 
നെറ്റിയില്‍ മുകരവേ 
ഞാന്‍ ചിന്തിക്കുകയായിരുന്നു.

ഒടുവിലത്തെ കസേരയില്‍ 
ഒരു ധൃതിയുമില്ലാതെ കാത്തിരിക്കുന്ന മരണം.
കയ്യടികളൊഴിഞ്ഞ് 
കയ്യൊപ്പുകളും കഴിഞ്ഞ്
ശാന്തയായ് അങ്ങോട്ട് പോകുന്ന അവള്‍.

എന്റെ കൈവിടുവിച്ച് 
കാലം അവളെ കൊണ്ടുപോകുമ്പോള്‍
പേരിടാത്ത ആ പുസ്തകം വിറച്ചേക്കാം. 

അതിന് പനിച്ചു തുടങ്ങിയേക്കാം.
 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

click me!