ആനമഴ, സുരേഷ് ദാമോദര്‍ എഴുതിയ കവിതകള്‍

By Chilla Lit Space  |  First Published May 3, 2023, 4:52 PM IST

ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. സുരേഷ് ദാമോദര്‍ എഴുതിയ കവിതകള്‍


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

Latest Videos

undefined


ആനമഴ

ചായത്തോട്ടങ്ങള്‍ക്കു 
നടുവില്‍ നല്ല കറുത്ത
ഒറ്റയാന്‍ മേഘം.

ഇപ്പോള്‍ പെയ്യുമെന്ന് തോന്നി -
ഒന്നുമുണ്ടായില്ല.
ചെറുതായൊന്നു ചാറി.
അത്ര തന്നെ.

ആനച്ചന്തത്തില്‍ 
കുണുങ്ങി കുണുങ്ങി
അങ്ങിനെ മടിച്ചു നിന്നു.

ഒരു മുനിയമ്മ
അല്ലെങ്കിലൊരു പളനിച്ചാമി 
കോടമഞ്ഞില്‍ വെളിപ്പെട്ട്
ഒരു ചൂടു ചായയില്‍ സുഖം കൊണ്ടു.

അമ്മ മരിച്ചതും, അടക്കം ചെയ്തതുമൊക്കെ
ഓര്‍മ്മയുണ്ടാവണം -
ആണ്ടിലൊരിക്കല്‍ അവിടൊക്കെ
ചുറ്റിത്തിരിയുമെന്ന് കേട്ടു.

എപ്പോഴു വിശപ്പു തന്നെ.
എന്നിട്ടും ചെവിയാട്ടി, തുമ്പിയെടുത്ത്
ഒരേ നില്‍പ്പ്.

കറുപ്പിന് ഏഴഴക് എന്നു
വെറുതെയങ്ങു പറഞ്ഞതല്ല.
കണ്ടറിയണം.
കൂട്ടും, കുസൃതിയും
വേലത്തരങ്ങള്‍
വേറെയുമുണ്ടെന്നു
നാട്ടുമൊഴി.

വിളിക്കാതെ പറയാതെ
അങ്ങു കേറിവരും,
വലിച്ചിഴച്ചും,
നിലത്തടിച്ചും
അലങ്കോലമാക്കി 
തിരിച്ചു പോകും.
പിന്നെയും വരും.

മുനിയമ്മയ്ക്കും
പളനിച്ചാമിക്കും ഉറക്കമില്ല.
പന്തം കത്തിച്ചും,  
പടക്കമെറിഞ്ഞും
തിരുവിളയാട്ടം.

കുറച്ചു നാളേക്കു
കാണില്ല -കാടൊക്കെ
ചുറ്റിയടിച്ച് പിന്നെയും വരും.
കോടതി കയറിയും,
ഗ്വാഗ്വാ വിളിച്ചും
വാസം മുട്ടിച്ചു.

ഒരൊറ്റ വെടി -
ഉന്മാദത്തിലും,
വിഭ്രാന്തിയിലും
പെട്ടു പോയി.

ചെവിയാട്ടിയില്ല,
വാലനക്കിയില്ല,
തുമ്പി താഴ്ത്തി
വെയിലേറ്റ്
വിയര്‍ത്ത്
നിലകൊണ്ടു.

ഭ്രമകല്പനയില്‍  നില്‍ക്കെ
കാലിലൊക്കെ പൂട്ടു വീണു.
വേലി കെട്ടി ബന്ധിച്ചു.
മയക്കം വിട്ടുണരുമ്പോള്‍
കൂടും  കൂട്ടുമില്ല.

അപരിചിതമായ 
സ്ഥലരാശിയില്‍
ദിക്കുമുട്ടി.

വെട്ടിയൊരുക്കിയും,
നിരനിരയായി  വച്ചും
പിടിപ്പിച്ച ചായച്ചെടികള്‍ക്കിടയില്‍
നിന്നും ചില  ഓര്‍മ്മകളെ
തേടിപ്പിടിക്കുന്നുണ്ടാവണം.

അല്ലെങ്കില്‍ 
ഒന്നു പെയ്‌തെങ്കിലെന്ന്
ആശിച്ച്
ഒരാനമഴ ഇപ്പോഴും
അവിടെയൊക്കെ
ചുറ്റിത്തിരിയുന്നുണ്ടാവാം.

 

 

യുദ്ധാനന്തരം,
കുതിര

'എന്തിനായിരുന്നു'
യുദ്ധം കഴിഞ്ഞ്
മല കയറുമ്പോഴാണ്
കുതിരയോര്‍ത്തത്.

മുറിവ് വേദനിച്ചത്
പടയോട്ടം കഴിഞ്ഞു മാത്രം.

ദുഃഖത്തിലായിരുന്നു
വിഷരതി കലാശിച്ചത്.
ക്രമേണ പരിണമിച്ച്
പരിണമിച്ച് വേദന
കലശലായ ഖേദത്തിന്
തോറ്റു കൊടുത്തു.

പരാജയത്തില്‍ മനംനൊന്ത്
കുളമ്പില്‍ നിന്നും ആണിയുരി
ലാടം വഴിയില്‍ വിശ്രാന്തി  പൂണ്ടു.

ആര്‍ക്കിയോളജിക്കല്‍
സര്‍വ്വേ ഓഫ് ഇന്ത്യക്ക്
കൈമാറേണ്ട ഒന്നാണ്
എന്ന ബോധ്യത്തില്‍ അവ
നാണം കെട്ട് തുരുമ്പെടുത്തു.

വിജയത്തിന്റെ കൊടി അടയാളം
ആവേണ്ട കുഞ്ചിരോമങ്ങള്‍
നരച്ചു നിറം കെട്ടു.

നിയന്ത്രണരേഖയ്ക്ക്
അപ്പുറവും, ഇപ്പുറവും
വീര മൃത്യുവിന്
ഒരേ ലിപി, വായിച്ചെടുക്കാന്‍
പല ഭാഷകള്‍.
ചരിത്രത്തോട് വഴക്കിട്ട്
യുദ്ധം -കനപ്പെട്ട
ഒരു വാക്കായി മിണ്ടാട്ടമില്ലാതെ
തനിച്ചിരുന്നു.

ഒടുക്കം
മുറിവേല്‍പ്പിക്കുക 
എന്ന പടരീതിക്ക് 
സ്ഥലകാലബോധം മറന്ന്
സലാം ചൊല്ലി.

ഉള്ളം കാലില്‍
ഉമ്മ വയ്ക്കുന്ന നനഞ്ഞ
മണ്‍ വഴികളെ
സ്വപ്നം കണ്ടു കൊണ്ട്
ആ നാലു കുളമ്പുകളും
മല കയറിയത്
കുതിരയറിഞ്ഞില്ല.


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!