Malayalam Poem: പോയ'ട്രീ', സുരേന്ദ്രന്‍ കാടങ്കോട് എഴുതിയ കവിതകള്‍

By Chilla Lit Space  |  First Published Jun 19, 2024, 5:24 PM IST

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  സുരേന്ദ്രന്‍ കാടങ്കോട് എഴുതിയ കവിതകള്‍


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

undefined

 

പോയ'ട്രീ

കവിത
ബാക്കിവെച്ചു പോയ
മരമേ.

ആഴ്ന്ന വേരിലെ ജലം
ഇലക്കൊടിയില്‍ നിന്ന്
സൂര്യന് കൊടുക്കുന്ന
ആദൃശ്യത്തെ
ബാക്കിവെച്ചു പോയ
കവിതേ..

വെയില്‍ പെയ്യുമ്പോള്‍
പൂവുകൊണ്ടുമ്മ
നല്കി നിന്ന
ചിത്രമേ.

ഒരു കിളിക്കനേകം
ചില്ല തീര്‍ത്ത്
കുളിര് കോരിയ
ഹരിതാഭമേ.

സൂര്യനില്‍ നിന്ന്
ഒരു തുള്ളി
ഭൂമിയില്‍ നിന്ന്
ഒരിറ്റ്
വായുവില്‍ നിന്ന്
ഒരു തന്‍മാത്ര
ലോകത്തെ ഊട്ടിയ
അത്ഭുതമേ.

അറ്റ കുറ്റിയില്‍ നിന്ന്
കവിത മുളയ്ക്കുന്ന
ഒച്ച കേള്‍ക്കുവാന്‍
ഒത്തിരിപ്പേരുണ്ടീ
വേനല്‍വരമ്പത്ത്!


കൂടെവരും കാറ്റേ

കുന്നിറങ്ങുമ്പോള്‍ 
കൂടെവരും 
പൂമ്പാറ്റകളുണ്ട്.
കയ്യിലെ പൂക്കള്‍ 
അവയോട് പറയുന്നത്,
ഏതെങ്കിലുമൊരു 
കവിതയില്‍ 
കണ്ടുമുട്ടാമെന്നാണ്.

കടവിറങ്ങുമ്പോള്‍ 
അക്കരേക്കൊരു 
നോട്ടമുണ്ട്,
ഒരു ദ്വീപ് 
ഒളിപ്പിക്കാനാവാത്തവിധം 
ചെറുതല്ല,
ഒരു കണ്ണും.

കയ്യാലയില്‍, 
മുളകോ
മണ്ണെണ്ണയോ 
കൈമാറുമ്പോള്‍ 
ഇറ്റിവീഴുന്ന 
സ്‌നേഹത്താല്‍ 
മുളയ്ക്കുന്ന 
പച്ചപ്പുണ്ട്.

ഇടവഴിയില്‍ നിന്നെ
കാത്തുനില്‍ക്കുമ്പോള്‍ 
മാത്രം പൂക്കുന്ന
പൂവുണ്ട്
മണമുണ്ട്
കാറ്റുണ്ട്.  


വണ്ണാമ്പല

പൂട്ടിക്കിടന്ന വീട് തുറക്കുമ്പോള്‍
ഇനിയും മരിച്ചിട്ടില്ലെന്ന സങ്കടത്തോടെ
വാതില്‍ കരഞ്ഞു,
ചടഞ്ഞിരുന്ന കസേര
പൊടി കുടഞ്ഞിട്ട് നിവര്‍ന്നിരുന്നു.

ജനാല തുറന്നപ്പോള്‍
വീട്, കണ്ണൊന്നു ചിമ്മി
ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്തു
അപ്പോള്‍ മാത്രം മാറാല നീക്കി 
ചുവരില്‍നിന്ന് ഒരു ഫോട്ടോ
പരിഭവം പറഞ്ഞു; 
ഏത് കോത്താഴത്തു പോയി 
കെടക്കായിരുന്നു മനുഷ്യാ?

പടിഞ്ഞാറ്റയില്‍ ദൈവങ്ങളുടെ ചിത്രങ്ങള്‍
ഇറങ്ങി വന്നു ചോദ്യം തൊടുത്തു;
ഒരു വിളക്കുപോലും വെക്കാനാളില്ലാതെ?

മക്കള്‍ വാരിക്കൂട്ടിയ സമ്മാനങ്ങളൊക്കെ
അടുക്കിവെച്ച ചില്ലലമാര
ഒരപരിചിതനെ പോലെ നോക്കുന്നു!

കൈകള്‍ കാലുകള്‍ക്കിടയിലാക്കി
ചുരുണ്ടു കിടന്ന കിടക്ക
ഒരു ദുഃസ്വപ്നം കണ്ട് ഞെട്ടിയെണീറ്റു.
അടുപ്പുകല്ലില്‍ നിന്ന് താഴെ വീണ്
കഞ്ഞിക്കലം ചിതറിയിരിക്കുന്നു.

വീട് കണ്ടിട്ട് വേഗം മടങ്ങാമെന്ന് പറഞ്ഞ്
അവിടെ നിന്ന് പോരുമ്പോള്‍
വാര്‍ഡന്‍ പഴയൊരു
നോക്കിയ സെറ്റ് നല്‍കിയിരുന്നു
മക്കളുടെ നമ്പര്‍ 
സേവ് ചെയ്തും കൊടുത്തിരുന്നു
വിറയാര്‍ന്ന കൈവിരലുകള്‍ കൊണ്ട്
അയാള്‍ അതില്‍ തൊട്ടു
ഇരുട്ടിന്റെ വലിയ പാട
കണ്ണുകളില്‍ വളര്‍ന്നു.

അകത്തളത്തില്‍ വീണുകിടന്ന
അയാളുടെ ഓര്‍മ്മകളില്‍
വണ്ണാമ്പല പടരാന്‍ തുടങ്ങി.


...........

വണ്ണാമ്പല - മാറാല
 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!