Malayalam Poem : കൃഷ്ണന്‍, സുജേഷ് പി പി എഴുതിയ കവിത

By Chilla Lit SpaceFirst Published Apr 14, 2022, 2:09 PM IST
Highlights

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സുജേഷ് പി പി എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


Latest Videos

 

മുറിവുകളുടെ 
മുളങ്കാടായിരുന്നു
കൃഷ്ണന്‍,
ഓരോന്നിലും.

കാറ്റ് തൊടുമ്പോള്‍,
ആഴത്തില്‍
കാല്‍ നഖമുന
തൊട്ട് പോയ
വേദനകളെ സംഗീത -
മാക്കുന്ന വിദ്യ 
പഠിപ്പിച്ചു കൊടുക്കുകയായിരുന്ന
ഓരോ മുളയും,

നെഞ്ച് തുളഞ്ഞത്
ചുണ്ടോട് 
ചേര്‍ക്കുമ്പോള്‍
കണ്ണനൊന്നു
കണ്ണു തുറക്കുന്നു

ഇലയാവട്ടെ
കൊഴിഞ്ഞതിനപ്പുറം
ഒരു നൃത്തമുണ്ടെങ്കില്‍
പീലിയതോര്‍ത്തു
മണ്ണിലാഴുന്നു.

കാടുകള്‍,നദികള്‍
പൂക്കള്‍ തുടങ്ങി
ഒന്നിലോരോന്നും
ഏഴ് എന്ന  സംഖ്യ -
ഉണ്ടെന്നോര്‍ത്ത്
ബാക്കിയുള്ളതിനെ
തിരഞ്ഞൊരു
ദൂതനെ അയക്കുന്നു,

ഒരു ശലഭം,
അപ്പൂപ്പന്‍ താടി,
മഴയ്ക്കു മുന്നേയൊരു
ആലിപ്പഴം,

തിരിച്ചു വരുന്നതും 
കാത്ത് തന്റെ ആറു പേരെ
തിരഞ്ഞൊരു വിളിക്കായി
ഓടക്കുഴല്‍ ചുണ്ടോട്
ചേര്‍ക്കുന്നു 
കനത്ത വെയിലിലും 
മറ്റൊരു സൂര്യനുണ്ടെന്നതോര്‍ത്ത്
കൊന്നപ്പൂവിരിയുന്നു

click me!