ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് സുജേഷ് പി പി എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
നിന്നിലേക്കിതാ
ഊര്‍ന്നിറങ്ങുന്നു
ചോര പൊടിയുമീ
പൂവുപോല്‍
നിനക്കു ചൂടാം
കൈവിരലിന്‍ തുമ്പത്ത്
അഞ്ച് മുരിക്കിന്‍
പൂക്കള്‍ നഖങ്ങള്‍
2
സൂര്യനൊരു മിന്നലേറ്റു,
കാട് കത്തുന്നതിനിടയില്‍
നെറ്റിയില്‍ പൂക്കളേന്തിയ
പക്ഷികള്‍ക്ക് തീയേറ്റു,
നോക്കൂ,
ഒരു മുരിക്കിതാ
സൂര്യനെയും തോല്പിച്ച്,
തീക്കാറ്റിനെയും തോല്പിച്ച്
പൂവിരലില്‍ ഉദിച്ചു നില്‍ക്കുന്നു
3
മുരിക്ക് ചോര വാര്‍ന്ന
വസന്തത്തിന്റെ കവിത,
ഒന്നു തൊട്ടാല്‍
വാര്‍ന്നു പോകാമെങ്കിലും
കാട്ടുവള്ളിയിതാ
വീടുപോല്‍ ചുറ്റി ചുറ്റി
കൈ മുറിഞ്ഞ
അകലമേതുമില്ലാതെ !