ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സുജേഷ് ചന്ദ്രന്‍ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ഒന്ന്
ആകാശത്തിന്റെ
നിറമുള്ളതായിരുന്നു
പ്രണയത്തിന്റെ
നടീല്‍ വസ്തുക്കള്‍,
മുള്ള് കുഴിച്ചിട്ട്
പൂവാകുന്ന പോലെ
ഒരു ചാല്‍ മണ്ണ് മാറ്റുമ്പോള്‍
ഒഴുകുന്ന തെളിനീര് പോലെ,
ചുറ്റിലും കണ്ണോടിക്കുമ്പോള്‍
അതിര്‍ത്തിയില്‍
ഒരു പൂവിരിഞ്ഞിരിക്കുന്നു
ആരും പിഴുതെടുക്കാത്ത
നിലാത്തുണ്ട്, മഴയത്ത്
ഇറങ്ങി നില്‍ക്കുന്ന
കുഞ്ഞിനെ പോലെ
ഓരോ തലയാട്ടലിലും
സുഗന്ധം നിറഞ്ഞ് നിറഞ്ഞ് ,
രണ്ട്
ഒരു കൊട്ടമണ്ണ്
ഇല കൊഴിഞ്ഞ ആകാശം
കാറ്റില്‍ നിന്നൊരു
വിത്തെടുത്ത് മഴ നനച്ച് നടുന്നു,
കണ്ണടച്ച് അവളെ
നോക്കുമ്പോഴെക്കും
ജനാലയുടെ തുമ്പിലൊരു
ചില്ല വന്ന് തൊട്ടു നില്‍ക്കുന്നു,
പണ്ട് ഞാന്‍ കൊടുത്തതോ
ഒരു കിളി തൊട്ടു വെച്ചതോ,
ഇത്തിരിപ്പൂക്കളുടെ
തിളക്കത്തിലെവിടെയോ
അവളുടെ കണ്ണുണ്ട്,
ശ്വാസവേഗതയില്‍
മിന്നാമിനുങ്ങിന്റെ കഥ,
പറഞ്ഞ് വെളിച്ചമാകുന്നത്
മൂന്ന്
ഒരു വരി നട്ട് പൂ പറിച്ചു
കാട് നട്ട് കവിത പഠിച്ചു
കിളി തൊട്ടു വലുപ്പമായി
ഒരോ ചിറകിനിടയിലും
കവിത നിറച്ച് പറക്കുന്നു,
കാലത്തിനേറ്റത്
മുറിവുകള്‍ അനവധി
ആകാശ കൈതയോലയില്‍
കിളി മുഖമുന കൊണ്ടെഴുതിയതെല്ലാം
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...