Malayalam Poem : കുളക്കരയിലെ പെണ്‍കുട്ടി, സുധീഷ് സുബ്രഹ്മണ്യന്‍ എഴുതിയ കവിത

By Chilla Lit SpaceFirst Published Apr 6, 2022, 2:29 PM IST
Highlights

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സുധീഷ് സുബ്രഹ്മണ്യന്‍ എഴുതിയ കവിത

 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


Latest Videos

 

കല്ലില്‍
കാലുരച്ചുകഴുകുകയാണ്,
ഒരു പെണ്‍കുട്ടി.

അവളുടെ പാദസരം;
ഒരു തുടലാണെന്ന്,
അവള്‍ക്കൊഴികെ
ആര്‍ക്കും തോന്നുന്നതേയില്ല.

കലങ്ങിയ വെള്ളം;
ഒരു വള്ളിച്ചെടിപോലെ,
അവളുടെ കാലുകളെ
വന്നു മൂടുന്നു.

തോട്ടയെറിഞ്ഞ
മീന്‍പിടുത്തക്കാരന്‍,
ജലപ്പരപ്പില്‍;
മീനുകളുടെ
ജഡം കാത്ത്,
കണ്ണു തറച്ചിരിക്കുകയാണ്.

പെണ്‍കുട്ടി നോക്കുമ്പോള്‍;
വെന്തുചത്ത മനുഷ്യരുടെ,
ശരീരങ്ങള്‍ മാത്രം
കാണുന്നു.

മീനുകള്‍ക്ക്
കാത്തിരിക്കുന്നവന്റെ
ചിരിക്കുപിന്നില്‍,
നിലവിളിയുടെ
നേര്‍ത്ത ശബ്ദം.

തിരിഞ്ഞുനടക്കവേ;
അവള്‍
തറയില്‍നിന്നെന്തോ
കുനിഞ്ഞെടുക്കുന്നു.

കാത്തിരിപ്പുകാരന്റെ
തലയില്‍നിന്ന്,
ചുവന്നൊരു മത്താപ്പ്
വിരിഞ്ഞുയരുമ്പോള്‍,
തിരിഞ്ഞുനോക്കാതെ
അവള്‍
നടന്നുപൊയ്‌ക്കൊണ്ടേയിരിക്കുന്നു.

കുളം
പിന്നെയും
കലങ്ങിയിരിക്കുന്നു.

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

click me!