ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സുധീഷ് പി ജി എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ഒരിക്കലും
പിടികൊടുക്കാതെ
നിഴലുകളിപ്പോഴും
ഒളിച്ചുകളിക്കുന്നുണ്ട്
അകലെ -
ഇനിയുമെത്താത്തൊരു
മറുകരയുണ്ട്
പകലിലെ
അന്ധകാരത്തില്‍ വിരിഞ്ഞ
ഒരു പൂവുണ്ട്
നരച്ചുപോയ
കൊട്ടാരത്തിന്റെ
കാര്യാലോചനാ-
മണ്ഡപത്തിനു താഴെ
ജീര്‍ണ്ണിച്ചു കിടപ്പുണ്ട്,
കാലുകളൊടിഞ്ഞ
സിംഹാസനം
വെയില്‍മാഞ്ഞ
താഴ്‌വരയില്‍
മഴുവേറ്റ തരുഹൃദയത്തില്‍
ഒഴുകാന്‍ കൊതിച്ച
ഒരു പുഴയുണ്ട്
മഞ്ഞുറയുന്ന
നിഴല്‍ത്തടാകങ്ങളില്‍
അസ്വാസ്ഥ്യത്തിന്റെ
വിഷംതീണ്ടി നീലിച്ച
പ്രണയിനിയുടെ
ആശ്ലേഷങ്ങളുണ്ട്
കിനാക്കളുടെ
ഉഷ്ണഭൂമിയില്‍
വീണുകിടപ്പുണ്ട്
ശേഷമെന്തെന്നറിയാത്ത
അര്‍ദ്ധവിരാമങ്ങള്‍.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...