Malayalam Short Story : അമ്മ അറിയാതെ, ശ്രീജ ബിശ്വാസ് എഴുതിയ ചെറുകഥ

By Chilla Lit SpaceFirst Published Jul 8, 2022, 4:43 PM IST
Highlights

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ശ്രീജ ബിശ്വാസ് എഴുതിയ ചെറുകഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

 

ദൈവമേ വല്ലാത്തൊരു  പണിയാണിത്. അടിപിടി കൂടുന്നവനെ അകത്താക്കിയാലും തീരില്ല, സുഖമില്ലാതെ വന്നാല്‍ കാവലും ഇരിക്കണം.

ങാ, ഇന്നത്തെ ഡ്യൂട്ടി അങ്ങനെ ഹോസ്പിറ്റലില്‍.

ഐസിയുവിന്റെ വാതില്‍ പതുക്കെത്തുറന്ന് നേഴ്‌സ് പറഞ്ഞു,'സര്‍ , അകത്തു വരൂ, ആ പയ്യന് എന്തോ സംസാരിക്കണമെന്ന്.'

ഞാന്‍ നേഴ്‌സിന് പിന്നാലെ നടന്നു. 'ഇപ്പോള്‍ എങ്ങനെയുണ്ട് അവന്?'

'ഒന്നും പറയാന്‍ വയ്യാത്ത സ്റ്റേജ് ആണ്, ആരെയെങ്കിലും അറിയിക്കാന്‍ ...?'

കിടക്കയ്ക്കരികില്‍ നിന്ന എന്നോടവന്‍ വളരെ പണിപ്പെട്ട് ചുണ്ടനക്കി:

'സര്‍ , എന്റെ ഫോണ്‍? അമ്മയെയൊന്ന് വിളിക്കണം.'


ഞാന്‍ ചെറിയൊര് അമ്പരപ്പോടെ അവന്റെ മുഖത്തുനോക്കി. 'നിന്റെ ഫോണ്‍ എന്റെ കൈയില്‍ കിട്ടിയിട്ടില്ല.' 

'അപ്പോ....ന്റെ .. ഫോണ്‍?'

അവന്റെ ദയനീയമായ മിഴികള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

'ഞാന്‍ സ്റ്റേഷനില്‍ വിളിച്ച് അന്വേഷിക്കാം. വീട്ടിലെ നമ്പര്‍ തരൂ. ഞാന്‍ വിളിക്കാം.' 

'ഒരു നമ്പറും എനിക്ക് ഓര്‍മ്മയില്ല...'

'വീട്?'

'ഷൊര്‍ണ്ണൂര്‍.'

ഐസിയുവിന് പുറത്തു വന്നതിനു ശേഷം ഞാന്‍ സ്റ്റേഷനിലേക്ക് വിളിച്ചു.

'ഇന്ന് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്ത പയ്യന്റെ ഫോണ്‍ അവിടെ കിട്ടിയിരുന്നോ?' 

'ഫോണോ? ഓ...അവന്റെ ഫോണെടുത്ത് സൂക്ഷിക്കലല്ലേ പണി? ഇവിടെ ആരുടെ കൈയിലും ഒന്നും കിട്ടിയിട്ടില്ല.'

ഞാന്‍ ഫോണ്‍ കട്ടു ചെയ്തു. നല്ല കമ്പനിയുടെ ഫോണ്‍ ആണെങ്കില്‍...

മനസ് വല്ലാതെ അസ്വസ്ഥമാകുന്നുണ്ടായിരുന്നു.

ഇനി ഒരു പക്ഷേ... ഇതവന്റെ അവസാനത്തെ ആഗ്രഹമായിരിക്കുമോ? എങ്ങനെ അമ്മയെ കണ്ടുപിടിക്കും?
ഫോണ്‍ എവിടെ? 

ഇങ്ങനെ ഓരോന്ന് ആലോചിച്ചിരിക്കുമ്പോള്‍ ഒരു പയ്യന്‍,ല്‍ യൂണിഫോം കണ്ടിട്ടാകാം എന്റെ അരികിലേക്ക് വന്നു.

'സര്‍, ഞാന്‍ ഗണേഷിന്റെ കൂട്ടുകാരനാണ്. അവനിപ്പോള്‍ എങ്ങനെയുണ്ട്? എനിക്കൊന്ന് കാണാന്‍ പറ്റുമോ?' 

'ഞാനിപ്പോള്‍ കണ്ടിട്ട് ഇറങ്ങിയതേയുള്ളൂ. ഇനി വൈകിട്ടേ പറ്റൂ. ഇയാള്‍ ഇവിടിരിക്ക്.'

'നിനക്ക് എത്രനാളായി ഇവനെ അറിയാം.' 

'സര്‍, എനിക്ക് അധിക നാളത്തെ പരിചയമൊന്നുമില്ല. ഒരു രണ്ടു മാസം അത്രേയുള്ളൂ. അവന് ഒരു ഹോട്ടലില്‍ ആയിരുന്നു പണി.' 

'അവന്റെ വീടും വീട്ടുകാരും?'

'അവന്‍ അങ്ങനെ അധികമൊന്നും പറയാറില്ല. വീട് ഷൊര്‍ണ്ണൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറിക്ക് അടുത്താ. അവിടയാണവന്‍ പ്ലസ് ടുവിന് പഠിച്ചത്.

വീടുമായി ബന്ധപ്പെട്ട എന്തൊക്കെയോ പ്രശ്‌നങ്ങള്‍ അവനെ അലട്ടിയിരുന്നു.

സ്‌കൂളിനടുത്ത് രണ്ട് സെന്റില്‍ ഒരു മുറി. അതായിരുന്നു വീടും കടയും എല്ലാം. അവിടെ അമ്മയും സഹോദരിയും. അവരുടെ ഏക വരുമാന മാര്‍ഗ്ഗവും ആ കട ആയിരുന്നു.

അച്ഛന്‍ ജീവിച്ചിരുന്നപ്പോള്‍ കൂലിപ്പണിയെടുത്ത് വാങ്ങിയതാണ്. പക്ഷേ, അതിന്റെ പ്രമാണവും രേഖകളുമൊന്നും ഇപ്പോള്‍ കൈവശമില്ല. ഏതാണ്ട് പുറമ്പോക്കില്‍ കിടക്കുന്ന അവസ്ഥ. ഇപ്പോള്‍ റോഡ് വീതി കൂട്ടുകയാണ്. അപ്പോള്‍ ഉള്ള കിടപ്പാടവും പോകും. ഒരു തമാശ പോലെ ഒരിക്കല്‍ അവന്‍ പറഞ്ഞിരുന്നു, 'കേറിക്കിടക്കാന്‍ നല്ല വീടില്ലെങ്കിലും വിശാലമായി കിടക്കാന്‍ നല്ല റോഡുണ്ട് ഞങ്ങള്‍ക്ക്.'

അവന്‍ കഷ്ടപ്പെട്ട് പണിയെടുത്ത് കൂട്ടിവച്ച പൈസ ഒരു കൂട്ടുകാരന്‍ കടം വാങ്ങിച്ചു. തിരിച്ചു ചോദിച്ചപ്പോള്‍ കൊടുത്തില്ല. അതിനെ തുടര്‍ന്നുണ്ടായ വഴക്കും അടിയും കത്തി കുത്തില്‍ കലാശിച്ചതാണ് സാര്‍.

ഉച്ചയോടെ ഞാന്‍ ഷൊര്‍ണ്ണൂര്‍ ഹയര്‍ സെക്കന്‍ഡറിക്ക് അടുത്തെത്തി. ആളുകളെ ഒന്നും കാണാനില്ല. വല്ലാതെ ഉഴുതു മറിച്ചിട്ടിരിക്കുന്ന ഒരിടം. രണ്ടു മൂന്നു ജെ സി ബികളും ചെമ്മണ്ണു കൊണ്ടു ചുവന്ന കുറേ തലകളും. 

'സ്‌കൂള്‍?'-ഞാനവരോട് ചോദിച്ചു. 

ഒരു മണ്‍കൂനയ്ക്കപ്പുറത്തേക്കവര്‍ ചൂണ്ടിക്കാട്ടി.

ഒരു...സരോജിനി?'

'കോന്‍?'

'സരോജിനിയുടെ കട എവിടെയാണ്?'    

'ക്യാ?'
 
'മുച്ചേ മലയാലം നഹി മാലു'-പിന്നെയും അയാള്‍ എന്തക്കയോ പറഞ്ഞു.

പണ്ട് കയറില്‍ തൂങ്ങിയാടിയ ഹിന്ദി അക്ഷരങ്ങളെ പരിഹസിച്ചതിന്റെ ശാപമായിരിക്കാം, അയാള്‍ പറഞ്ഞതൊന്നും എനിക്ക് മനസ്സിലായില്ല.

എങ്കിലും ഒന്ന് മനസ്സിലായി. ചില ജീവിതങ്ങളെ വികസനപദ്ധതികള്‍ വേരോടെ പറിച്ചെറിയുന്നു. 

പിന്നെ ചിലരോടൊക്കെ അവരെ കുറിച്ച് ചോദിച്ചു. അവരൊക്കെ എങ്ങോട്ടു പോയി എന്ന് ആര്‍ക്കും അറിയില്ല. എന്തെങ്കിലും അറിഞ്ഞാല്‍ അറിയിക്കാന്‍ നമ്പര്‍ കൊടുത്തു. തായ് വേര് തേടിയുള്ള യാത്ര അവസാനിപ്പിച്ച് ഞാന്‍ വീട്ടിലേക്ക് പുറപ്പെട്ടു.

അടുത്ത ദിവസവും ഹോസ്പിറ്റല്‍ ഡ്യൂട്ടി.

അങ്ങോട്ട് പോകാന്‍ മനസിന് വല്ലാത്തൊരു നീറ്റല്‍.

നേഴ്‌സ് തല നീട്ടി അകത്തേക്ക് വിളിച്ചു.

മടിച്ചാണെങ്കിലും അവന്റടുത്തേക്ക് ചെന്നു.

അവന്‍ ഒന്നും ചോദിച്ചില്ല.

പക്ഷേ, തളര്‍ന്ന ആ മിഴികള്‍ ആരേയോ തിരയുന്നുണ്ടായിരുന്നു. ഈറനണിഞ്ഞ ആ കണ്ണുകള്‍ സംസാരിക്കുന്നുണ്ടായിരുന്നു.

നേഴ്‌സ് പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു, 'സര്‍, ഡോക്ടര്‍ റൗണ്ട്‌സിന് വരുന്നുണ്ട്.'

'ങാ..... ഞാന്‍ പുറത്തു നില്‍ക്കാം.'

അല്‍പസമയം കഴിഞ്ഞ് എന്നെ വീണ്ടും അകത്തേക്ക് വിളിച്ചു. ഞാന്‍ അങ്ങോട്ട് ചെല്ലുമ്പോള്‍ കണ്ടു, വെള്ളത്തുണി കൊണ്ട് അവന്റെ മുഖം മൂടുന്ന നഴ്‌സിനെ...


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

click me!