ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സ്മിത്ത് അന്തിക്കാട് എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
മൊബൈലില്‍
ഓരോ പേരിനുമുണ്ടോരോ താളം
പതിഞ്ഞൊരീ വിരഹഗാനം
നാട്ടില്‍
വീട്ടില്‍ ഒറ്റയ്ക്ക്
മകനെയുറക്കി കിടത്തി
മില്‍ന എന്നെയോര്‍ത്ത്
നെടുവീര്‍പ്പിടുന്നതാണ്
സാംബാ താളമിത് ബാബു
നഖീലിലെ ബാറില്‍ നിന്ന്
പാതിരാത്രിയിലെപ്പോഴോ തിരിച്ചെത്തി
പുലര്‍ച്ചയില്‍
ഞാനെണീറ്റ് പോന്നത്
അവനറിഞ്ഞത് ഇപ്പോഴായിരിക്കണം
ചൊരുക്കുന്നുണ്ടാകും ഞരമ്പുകളില്‍
അവനിപ്പോഴും
ബ്രസീലിയന്‍ താളം
ഷാബിയ സഹ്‌റയിലേക്കുള്ള
ഒഴിഞ്ഞ പാതയിലൂടെ പോകെ
എന്റെ ചുണ്ടുകളേറ്റ് തിണര്‍ത്ത
ഒരോര്‍മയില്‍
അനുമോള്‍ മാത്യു വിളിക്കുമ്പോള്‍
എന്‍ഗേദിയിലെ
മുന്തിരിതോപ്പുകളില്‍
അരിപ്രാവ് കുറുകും സ്വരം
എന്തെയിതുവഴിയൊക്കെ
മറന്നുവോയെന്ന
പരിഭവതാളമിതേടത്തി
നിനക്കൊന്നു വിളിച്ചാലെന്തെന്ന
കലഹസ്വരമാണെങ്കില്‍
അത് ദാസേട്ടന്‍
ഒരുപാട് നാളായല്ലോ
നീ വന്നിട്ടെന്ന സ്‌നേഹശാസനയോടെ
അച്ഛന്‍ വിളിക്കുന്നതപൂര്‍വം
നീ മറന്നുവോ
നമ്മുടെ യാത്രകളും എന്നെയുമെന്ന്
പറയാതെ പോയ
പ്രണയമൗനത്താല്‍
ഓക് ലാന്‍ഡില്‍ നിന്നും
അവള്‍ വിളിക്കുമ്പോള്‍
ഇലകളില്‍ മഞ്ഞു വീഴും സ്വരം
പിന്നെയും വരും ചിലര്‍
മകരക്കുളിരിലാലിലപോലെ വിറച്ചു
ഇരുട്ടിലൂടെ
പാതിചാരിയ വാതില്‍
ഒച്ചയില്ലാതെ തുറന്ന്
പ്രാരബ്ധ കെട്ടഴിച്ച്
പഴയ ചങ്ങാതി
ഒരൊറ്റ നാദത്തില്‍ മുറിഞ്ഞ്
പത്രക്കാരന്‍
തിയ്യതി വൈകിയെന്നു
പലിശക്കാരന്‍
പരിചയമില്ലാത്ത ഒരുസ്വരം
വന്നിടറിതിരക്കുമിടയ്ക്ക്
പാതിരായ്ക്ക് വണ്ടിയിടിച്ചു മരിച്ച
സഹമുറിയനെക്കുറിച്ച്
അല്ലെങ്കില്‍
മൃദുഹാസം
അടക്കിയൊരു തേങ്ങല്‍
ശാപവാക്ക്
മേലില്‍ കടക്കരുതീപടിയെന്ന
ലക്ഷ്മണ മൂര്‍ച്ചകള്‍
മൊബൈല്‍
എന്റെ ഹൃദയത്തിനൊപ്പമിടിക്കുന്നു
എനിക്കൊപ്പം ചിരിക്കുന്നു
കരയുന്നു
ഒടുവിലൊരു അറിയാ നമ്പറില്‍
ആരുമെടുക്കാത്ത
ഫോണ്‍വിളിപോലെ
ഡിസ്‌കണക്ടാകുന്നു
ഈ നമ്പര്‍
ഇപ്പോള്‍ നിലവിലില്ലെന്ന്
പല ഭാഷകളില്‍ ആവര്‍ത്തിക്കുന്ന
വിശദീകരണം മാത്രം
ബാക്കിയാവുന്നു
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...