ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് സ്മിത്ത് അന്തിക്കാട് എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
പത്താം ക്ലാസ്സില്‍
നീട്ടിയ വലംകയ്യില്‍
ചൂരലിന്റെ ക്യൂബിക് ചിത്രങ്ങള്‍
ഇടംകയ്യില്‍ മുറുകെപ്പിടിച്ച്
ചെഗുവേര
ബൊളീവിയന്‍
മഴക്കാടുകളിലെ
വെടിമുഴക്കങ്ങള്‍
നെഞ്ചില്‍
പുളിച്ചകള്ളിന്റെ മണമുള്ള
അന്തിക്കാടിന്റെ
സന്ധ്യയിലൂടെ
പന്തം കൊളുത്തി ജാഥയുടെ
നേര്‍ത്തവെട്ടത്തില്‍ ചെ.
ചിമ്മിനി വിളക്കിന്റെ
തിരിതാഴ്ത്തി വെച്ച്
അമ്മ
ഉരുകിത്തീര്‍ന്ന രാവുകള്‍.
ഡിസ്‌കൊത്തെയ്ക്കിലെ
നീലവെളിച്ചത്തില്‍
മാറില്‍
ബുള്ളറ്റുകള്‍ പോലെ
തറയ്ക്കുന്ന
മുലക്കണ്ണുകള്‍
ലോ വൈസ്റ്റ് ജീന്‍സിന്റെ
വിളുമ്പിലൂടെ
അടിവയറിന്റെ ചുമപ്പു രാശിയില്‍
കാടിന്റെ വന്യത വെടിഞ്ഞു
പച്ചക്കുത്തിന്റെ
നിര്‍വികാരതയില്‍ ചെ
ടിന്നിലടച്ച മൂത്തക്കള്ളിന്റെ
ചൊരുക്ക് നിറഞ്ഞ്
ഞരമ്പ് മുറുകുന്നു
സ്വപ്നാടനം മുറിയുന്നു
മണല്‍ നഗരത്തില്‍
ഉഷ്ണരാത്രിയുണരുന്നു
പച്ചക്കുത്തിന്റെ
നിമ്‌ന്നോന്നതങ്ങളിലൂടെ
വിരലോടിക്കെ
വലംകയ്യില്‍
ചൂരല്‍പ്പാടിന്റെ ചെഗുവേര ചിത്രങ്ങള്‍ മറയുന്നു
വിരലുക്കള്‍ക്കിടയില്‍
വഴുതുന്നു
മുലകള്‍ക്കിടയില്‍
പച്ചക്കുത്തിയ
കറുത്തത്തൊപ്പിയിലെ
ചുവപ്പന്‍ നഷത്രം
വോള്‍ഗയുടെ മിനുപ്പിലൂടെ
ആഴങ്ങളെ ഓര്‍മിപ്പിക്കാതെ
കടന്നു പോന്ന
ജലക്ഷോഭങ്ങള്‍ ഓര്‍ക്കാതെ
തൊണ്ട് കയറ്റിയ വള്ളം,
കെട്ടഴിഞ്ഞ്
കാറ്റിനും ഒഴുക്കിനുമൊപ്പം...