ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സിന്ധു ഗാഥ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
ഉമ്മറക്കോലായിലെ
ഇറയത്തിരുന്ന്
കിനാമഴ നനയുമ്പോഴാണ്
വേഴാമ്പല്‍ മഴയെത്തേടി വന്നത്
ഋതുക്കളനവധിയായത്രേ
അവനിങ്ങനെ.
വംശനാശത്തിന്റെ
കണ്ണികളിലൊരാളായ ഞാനും
നട്ടാല്‍ കിളിര്‍ക്കാത്ത
നുണയെ പുഞ്ചിരിയില്‍
പൊതിഞ്ഞവന് നല്‍കിയയച്ചു.
വീണ്ടും കിനാവള്ളിയിലൂയലാടിയപ്പോഴാണ്
മക്കളെത്തേടിയുള്ള
അമ്മക്കിളികളുടെ വരവ്.
ആഗോളജാഥയായിരുന്നു
അടവിയടവികളായ്
വെട്ടിനിരത്തിയപ്പോള്‍
നിരപ്പായിപ്പോയ മാതൃത്വം
ഞാനോ
പൊളിവചനത്തിന്‍
ധാന്യമണികളെറിഞ്ഞവയെയുമോടിച്ചു
തൂണില്‍ ചാരി കാലുനീട്ടി
വീണ്ടും സ്വന്തം കണ്ണുകളെ
നിജത്തില്‍ നിന്നും
കളവിലേക്ക് പറിച്ചു
നടുമ്പോഴേക്കുമാണ്
കടലും കാറ്റും
കൈകോര്‍ത്തു വന്നത്
വന്നപാടെ
ഒന്നുമുരിയാടാതെ
വീടിനുള്ളിലേക്കൊരു
പാച്ചിലായിരുന്നു
മുറികളോരോന്നിലും
കയറിയിറങ്ങിയങ്ങനെ
അവരിറങ്ങുമ്പോഴേക്കും
സത്യവും നുണയും
നേരും നെറിയും
ഞാനും നീയും
ഞങ്ങളും നിങ്ങളും
എല്ലാമെല്ലാം
വംശനാശം പേറി
ജാഥയായി
പുറത്തേക്കിറങ്ങിയിരുന്നു.