ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഷേര്‍ലി മണലില്‍ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
പൊള്ളിയടരുന്ന
ആകാശച്ചോട്ടിലെ
രണ്ടുനഗരങ്ങളാണ് നാം.
തുറക്കാത്ത -
ജനാലകള്‍ക്കപ്പുറം,
നരച്ചപകലുകളിലും
ഉറക്കമകന്നരാത്രികളിലും
നിന്റെയോര്‍മ്മകളെ
ഞാനൊന്നു ചുംബിയ്ക്കുന്നു
പിന്നെയും പിന്നെയും
വടവൃക്ഷംപോലെ
വേരുപടര്‍ത്തി
ആഴ്ന്നിറങ്ങിയൊന്നു
കോരിയെടുക്കാന്‍
കൊതിയ്ക്കുന്നു.
നീ കൊടുത്തയച്ച
സന്ദേശങ്ങളൊക്കെയും
മറുപടികാത്ത് മുഷിഞ്ഞ്
പാതികത്തിയ മരക്കൊമ്പില്‍
കുടുങ്ങിക്കിടപ്പുണ്ടാവാം,
വെണ്‍മേഘങ്ങള്‍ക്കിടയിലൂടെ
ഊളിയിട്ടൊരുല്ലാസയാത്ര കൊതിച്ച്.
ചിത്രത്തൂവാലയില്‍
പൊതിഞ്ഞയച്ച
മറുചുംബനത്തിലുമിപ്പോള്‍
ചോരമണത്തു തുടങ്ങിയിട്ടുണ്ടാവാം
നഗരങ്ങള്‍ക്കുമേലേ
ഇപ്പോള്‍ പെയ്യുന്നത്
ഷെല്ലുകളാണല്ലോ.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...