ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ഷൈന്‍ റ്റി തങ്കന്‍ എഴുതിയ കവിതകള്‍
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
തോട്ടുമീന്‍
ഒരേ മുറിയില്‍
പലകാലങ്ങളായി
ജീവിച്ചിരിക്കുന്നൊരാള്‍
രണ്ടു ചേമ്പിന്‍
ചെടികള്‍ക്കിടയില്‍
ലോകത്തിന്റെ
അതിര്‍ത്തി
അളന്നിട്ട
ഒരു തോട്ടുമീനിനെ
ഭിത്തിയില്‍
വെള്ളം നനയാതെ
വളര്‍ത്തുന്നു
മീന്‍
അയാളെ
കണ്ടു മടുക്കുമ്പോഴെല്ലാം
ഒരു ചേമ്പിന്‍ ചുവട്ടില്‍ മുങ്ങി
അടുത്ത ചേമ്പിന്‍
ചുവട്ടില്‍ പൊങ്ങിക്കളിച്ചു..
അയാളപ്പോഴെല്ലാം
തനിച്ചെന്ന പേടിയില്‍
ഒരേ ഒരു ജനവാതില്‍
തുറന്നിടും..
ജനല്‍ തുറന്നാല്‍
തനിച്ചും പെരുത്തും
കമിഴ്ന്നു കിടക്കുന്ന
വീടുകള്‍ക്കിടയിലൂടെ
പേടിച്ചു
പറന്നു നടക്കും
കണ്ണുകള്‍
കെട്ടിയവനു
കുളിക്കാന്‍ വെള്ളം ചൂടാക്കാന്‍
കുമ്പിട്ടിരുന്ന്
ഓലക്കീറ്
ചീന്തുന്നൊരുത്തി
തീ കത്തി തുടങ്ങുമ്പോള്‍
ഇളകുന്നു
തുടയില്‍
പച്ചകുത്തിയ
ഒരു കപ്പല്‍...
അന്നു തൊട്ടയാള്‍
തോടിനോട്
ചേര്‍ന്നൊരു
കടല്‍ വരച്ചു
തുടങ്ങി
ഒരിക്കല്‍,
കെട്ടിയവനെ
പുറം തേച്ച് കുളിപ്പിക്കുമ്പോള്‍
അവളുടെ
മുലക്കണ്ണുകള്‍
ഒന്നിടഞ്ഞ്
അയാളുടെ ജനവാതില്‍
ആദ്യമായി
തുറന്നു നോക്കി..
മീന്‍ അപ്പോള്‍
ചേമ്പിന്‍ ചുവട്ടില്‍
ജലധ്യാനം
ചെയ്യുകയായിരുന്നു..
പാതി നീലിച്ച
കടലിനയാള്‍
ഏകാന്തതയുടെ
തിരകള്‍
വെച്ചുക്കെട്ടുന്നതിനിടയില്‍
പുകമണത്തില്‍
നിന്നവള്‍
കയറി വരുന്നു.
അവളുടെ
കപ്പലില്‍
അയാള്‍
പായ വലിച്ച് മുറുക്കെ
മീന്‍ അവര്‍ക്ക്
കടല്‍ ചാലുകളുടെ
പഴയൊരു
ഭൂപടം
കൊടുക്കുന്നു.
രണ്ടുപേരുടെ നഗരം
കടല്‍ക്കരയില്‍
രണ്ടുപേര്‍
ഒന്നും മിണ്ടാനില്ലാത്തതിനാല്‍
കടല കൊറിച്ചിരിക്കാന്‍
തീരുമാനിക്കുന്നു.
തിരകള്‍
കാലുകള്‍ നീട്ടി
തൊട്ടു നോക്കുമ്പോള്‍
കുട്ടികള്‍
ചിരിച്ചു മറിഞ്ഞു
മണിയടിക്കുന്ന
ഉന്തുവണ്ടിയില്‍
പണ്ടെവിടെയോ
വറ്റിപ്പോയ
ഒരു കടലിന്റെ
പൊള്ളുന്ന
തരികള്‍
വെന്തു മറിയുന്ന
കടല മണികള്‍
തൊട്ടരികിലെ
തിരയിലേക്ക്
നോക്കുന്നു
ഒരു കുമ്പിളില്‍
കെടുത്താം
ഉന്തുവണ്ടിക്കാരന്റെ
അത്താഴം
കടല മണികളുടെ
വേവില്‍
വിയര്‍ത്ത്
നില്‍ക്കുന്ന
വീട്
മണികെട്ടാത്ത
അവന്റെ
അടുപ്പ്
കടല മണികള്‍
വേവുന്നു....
രണ്ടുപേരുടെ
നിശബ്ദതയിലേക്ക്
കൊല്ലന്റെ
വിരുതില്‍
മുനകൂര്‍ത്ത
രണ്ടു
കടലക്കൂടുകള്‍
ഉന്തുവണ്ടിക്കാരന്‍
പണിഞ്ഞെടുത്തു.
രണ്ടുപേര്‍
ഒന്നും
മിണ്ടാനില്ലാത്തത്തിനാല്‍
കടലകൊറിച്ചിരിക്കുമ്പോള്‍
പിടയുന്ന
വലകളുമായി
വിലപേശിയിരുന്ന
മീനുകള്‍
തണുത്തുറഞ്ഞ്
അവരെക്കടന്നു
പോകുന്നു...
രണ്ടു പേരും
ആദ്യത്തെ വാക്കിനെ
തിരഞ്ഞു..
ആദ്യമായി
കണ്ട
വയല്‍ പക്ഷിയെ
ഓര്‍ത്തു
കൊയ്തു പോയ
അതിന്റെ
ധാന്യങ്ങള്‍
വിശപ്പ്
അവസാനത്തെ
കടല മണി
ഉള്ളം കയ്യില്‍
ഉപ്പു
നിറയ്ക്കുന്നു
കണ്ണിലേക്ക്
കയറി
കടല്‍
ഉന്തുവണ്ടി
കടലിനു
കുറുകെ
വലിച്ച് വലിച്ച്
നടന്നു പോയി...
രണ്ടുപേര്‍
മിണ്ടിത്തീരാതെ
നഗരത്തില്‍
അലഞ്ഞു തിരിയുന്നു