ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഷിഫാന സലിം എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
തിരസ്‌കരിക്കപ്പെടുന്ന
മനുഷ്യര്‍ക്ക്
സത്യമുണ്ടാകും.
അവരുടെ ഒച്ചകള്‍
മറ്റാരെക്കാളുമുയരത്തില്‍
ഉയര്‍ന്നിട്ടുണ്ടാകും.
കൂടു വിട്ട് പോയ ചിലന്തിവല
കണക്കെ അത് പിന്നെയുള്ള
മനുഷ്യരുടെ മുഖത്തൊട്ടി
പിടിച്ചെന്നിരിക്കും.
കാറ്റില്‍ ഒരു ചോല മരംപോലെ
തണലു തന്ന്
വെയില് കൊണ്ട് മറിഞ്ഞു
വീണ മനുഷ്യര്‍!
ചാവ് കടലിലെന്ന പോലെ
അവരുടെ സത്യങ്ങള്‍
അനാഥ ജഡം പോലെ പൊങ്ങിക്കിടക്കും.
കടുക് വറുക്കാത്ത
വാക്കുകളുടെ രുചിയില്ലായ്മയില്‍
അവര്‍ വീണ്ടും നിരസിക്കപ്പെടും.
ഡെമോക്ലസിന്റെ വാള് പോലെ,
നൂലില്‍ തൂങ്ങിയാടുന്ന
ഒരു ഭയത്തെയും പ്രതീക്ഷിച്ച്
ജീവിക്കുന്ന മനുഷ്യര്‍ക്കിടയില്‍
ആഴമുള്ള വിടവുകളുണ്ടാകും.
തിരസ്‌കരിക്കപ്പെട്ട മനുഷ്യരാണ്
വഴികളില്‍ വെച്ചു യാത്ര
നിര്‍ത്തുന്നത്.
എല്ലായ്‌പ്പോഴും വഴികളുടെ
തുടക്കങ്ങളില്‍
മധ്യത്തില്‍
ഒരു ലോകമൊളിപ്പിച്ചു
മുന്‍പേ നടന്ന്
മറിഞ്ഞുവീഴുന്ന മനുഷ്യര്‍.
സത്യമായും,
തിരസ്‌കരിക്കപ്പെടുന്ന
മനുഷ്യര്‍ക്ക്
ഒരു സത്യമുണ്ടാകും.
അവരില്‍ നിന്ന് മാത്രം
ഉയിര്‍ കൊണ്ട ഒരു
ലോകമുണ്ടാകും.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...