ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഷീജ പള്ളത്ത് എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
നിന്റെ ചൂടിനെ നെഞ്ചേറ്റി
ഇറങ്ങിനടക്കുന്ന യാത്രകളില്‍
മറച്ചുവച്ച ചിരിയുള്ള
മുഖത്ത്,
ഭ്രമണപഥത്തില്‍
നിന്നും തെന്നിത്തെറിച്ചുവീണ
രണ്ടു നക്ഷത്രങ്ങളെ
കണ്ണിലൊളിപ്പിക്കും.
നീ പകര്‍ന്നയുപ്പിനെ
ചുണ്ടുകളില്‍
നിന്നടര്‍ത്തിയെടുക്കാന്‍
അനുവദിക്കാതെ,
നനയാന്‍ കൊതിച്ച മഴയെ
കുടനിവര്‍ത്തി
പിന്നെയെന്നു തടയും.
വികാരങ്ങളെ വിവര്‍ത്തനം ചെയ്ത
വാക്കുകളെ
ഓര്‍മ്മത്താളുകളിലേക്ക്
പകര്‍ത്തിയെഴുതാന്‍
മനസ്സില്‍ കുറിച്ചിടും
ചുണ്ടിലൊരു മൂളിപ്പാട്ടുണരും.
മുന്‍പേ നടന്നവര്‍ പണിതുവച്ച,
മൂന്നു തട്ടുകളുള്ള വീട്ടില്‍
ഒറ്റയ്ക്ക് ചെന്നുകയറും.
ആദ്യം മൂന്നാമത്തെ
തട്ടിലേക്ക്,
എന്റെ മാത്രം
സ്വകാര്യതകളിലേക്ക്.
നിലാവിലേക്ക് തുറന്ന
കുളിമുറിയില്‍
തോരാതെ പെയ്യുന്ന ഓര്‍മ്മകളില്‍
നനയും.
നിന്നെ ഒളിപ്പിച്ചുവച്ച
സ്വാര്‍ത്ഥതയുടെ
രണ്ടാമത്തെ തട്ടിനെ
അവഗണിച്ച്,
ഒന്നിലേക്ക്
ഓടിയിറങ്ങും,
നിനക്കിഷ്ടമുള്ള
ചുടുകാപ്പിയൂതിക്കുടിച്ച്
വെളുത്ത കര്‍ട്ടനുകള്‍ നീക്കി
മുല്ലവള്ളികള്‍ പടര്‍ന്ന
നീളന്‍ വരാന്തയിലേക്ക് നോക്കി നില്‍ക്കെ,
ഞാനുയര്‍ത്തിയ
കാപ്പിക്കപ്പിലേക്ക്
ഒരു ചുണ്ട് മുത്തമിടും.
മധുരം പകര്‍ന്നുപകര്‍ന്ന്
ഞാനും നീയും
വലിയൊരു മഴമുറ്റത്തേക്കിറങ്ങും.
കെട്ടുപോയ നിലാവില്‍
കെട്ടഴിയാതെ മഴക്കുളിര് ചൂടും.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...