Malayalam Poem: ജീവശാസ്ത്രം, ഷീജ പള്ളത്ത് എഴുതിയ കവിത

By Chilla Lit SpaceFirst Published May 21, 2022, 3:12 PM IST
Highlights

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  ഷീജ പള്ളത്ത് എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


Latest Videos

 

ജീവശാസ്ത്ര
പുസ്തകത്തില്‍നിന്നും 
പഠിച്ചത്
ഹൃദയത്തിന്
നാലറകള്‍
എന്നാണ്.

നാലറകളും
പ്രവര്‍ത്തിച്ചാലേ
ജീവനുണ്ടെന്ന്
മിടിക്കുകയുള്ളെന്നാണ്
പുസ്തകവും
ജീവിതവും
പഠിപ്പിച്ചത്.

ചിന്തിക്കുന്നത്
മസ്തിഷ്‌കമാണെങ്കിലും
ഹൃദയത്തില്‍ 
നിന്നെന്നാണ്
പറയുന്നത്.

ചിന്തയില്‍
ചേക്കേറിയതിനെ
ഹൃദയത്തിലാണ്
ചേര്‍ത്തുവയ്ക്കുന്നതെന്നു
പറയുന്നു.

ഞാന്‍ ഒരറയ്ക്കുള്ളിലായിരുന്നു
അവിടെ കയറിയിറങ്ങിപ്പോയത്
എനിക്കു സുപരിചിതമായ
ഒരു ഗന്ധം  മാത്രമായിരുന്നു.

കണ്ണിനു പരിചയമില്ലാത്ത
കാഴ്ചകളോ, മുന്‍പ്
കേള്‍ക്കാത്ത ശബ്ദമോ 
അവിടെ ഉണ്ടായിരുന്നില്ല.

ഇന്നെനിക്കു ശ്വാസം
മുട്ടുന്നുണ്ട്
എന്തൊരു തിരക്കാണിവിടെ
ആരാണ് എന്റെ അറയുടെ
വാതില്‍  ഇങ്ങിനെ
തുറന്നിട്ടു പോയത്.

ഞാന്‍ പരിചയിച്ച
ഗന്ധത്തിലിപ്പോള്‍
എത്ര  ഗന്ധങ്ങളാണ്
അലിഞ്ഞു പോയിരിക്കുന്നത്.

തിരിച്ചറിയാന്‍  മൂക്കു
വിടര്‍ത്തുമ്പോഴേ
ഉള്ളിലെന്തൊക്കെയോ
പുളിച്ചു തികട്ടി
പുറത്തേക്കൊഴുകുന്നു.

ഈ  ശബ്ദങ്ങള്‍
എന്തലോസരമാണുണ്ടാക്കുന്നത്
ചെവിയെത്ര
കൊട്ടിയടച്ചിട്ടും
തുളച്ചു  കയറുന്നു.

വെളിച്ചം കടന്നു
വരാത്തത്ര
തിരക്കാണിവിടിപ്പോ.

തുറന്നിട്ട വാതിലിലൂടെ
ഞാനിറങ്ങിപ്പോകുന്നു.
ഇനിയാരും പുറകെ
ഇറങ്ങി വരാതിരിക്കാന്‍
വാതില്‍  പുറമെനിന്നും
ഞാന്‍ അടച്ചു പൂട്ടുന്നു.
 


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!