Malayalam Poem: പ്രണയപര്യന്തം, ഷര്‍മിള സി നായര്‍ എഴുതിയ കവിത

By Chilla Lit Space  |  First Published Jul 5, 2022, 4:30 PM IST

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.   ഷര്‍മിള സി നായര്‍ എഴുതിയ കവിത


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

undefined

        
അവള്‍
ചുറ്റിലും നിറയുന്ന
ആഘോഷങ്ങള്‍ക്കിടയിലും
തന്നിലേക്ക് ചുരുങ്ങിയവള്‍.

ആദ്യമായി പ്രണയം  പറഞ്ഞവന്‍
ഒരു ചിത്രകാരനായിരുന്നു
അവനവളുടെ വിടര്‍ന്ന കണ്ണുകളില്‍
ഒരു പ്രണയസാഗരം കണ്ടു.
പക്ഷേ
കടലിന്റെ നീലിമ പകര്‍ത്തിയവന്‍
മിഴികളിലെ ശോകം കണ്ടില്ല.

അടുത്തത്
ഒരു സംഗീതജ്ഞനായിരുന്നു
അവനിഷ്ടം സിത്താറായിരുന്നു
അവള്‍ക്കിഷ്ടം സരോദും
ഒരു ജുഗല്‍ബന്ദിയ്‌ക്കൊടുവില്‍
മംഗളം പാടി അവനും പോയി.

മൂന്നാമനൊരു കവിയായിരുന്നു
അവന്‍ തന്റെ കണ്ണിലൂടെ മാത്രം
അവളെ  കാണാന്‍ ശ്രമിച്ചു..
അവനാഗ്രഹിച്ചതുപോലെ
താളലയമൊത്തൊരു
കവിതയാവാന്‍ അവള്‍ക്കായില്ല..
മറിച്ച്,
ഒരു നിരൂപകയുടെ കണ്ണിലൂടെ  
അവള്‍ അവനെ നോക്കി
ശുഭാന്ത്യം.

പിന്നെയുമെത്രയോ പേര്‍,
കയറിവന്നതിലേറെ വേഗത്തില്‍
ഇറങ്ങിപ്പോയവര്‍!

ഒടുവിലൊരുവന്‍
പ്രണയത്തേക്കാളേറെ
സങ്കടങ്ങള്‍ പറഞ്ഞു.
അവളൊരു കേള്‍വിക്കാരിയും.

അവന്‍ സന്തോഷങ്ങളില്‍ 
അവള്‍ക്കൊപ്പം ചിരിച്ചു
സങ്കടങ്ങളില്‍ 
അവള്‍ക്കൊപ്പം കരഞ്ഞു..
അവന്റെ സന്തോഷം അവളായിരുന്നു
അവളുടെ  സങ്കടം അവനും.

(അവളുടെ ജീവിതം  രണ്ടുഘട്ടമായി സങ്കല്പിക്കൂ, അവനെ കാണുന്നതിന് മുന്നെയും പിന്നെയും )

ഇപ്പോള്‍ 
അവളൊരു കവിയാണ്
അവനൊരു കേള്‍വിക്കാരനും..
അവളുടെ സന്തോഷം അവനാണ്
അവന്റെ സങ്കടം അവളും!

പിന്നെ പിന്നെ
സന്തോഷവേളകളില്‍
അവന്‍ അവളെ മറന്നു..
(മറക്കാതെ മറ്റുവഴിയില്ലെന്ന  മുടന്തന്‍ ന്യായം അവളെപ്പോലെ ഞാനും വെള്ളം തൊടാതെ വിഴുങ്ങുന്നില്ല.)

അപ്പോഴും  അവള്‍
തന്റെ സങ്കടങ്ങളൊളിപ്പിച്ച്  
അവന് തണലായി.
പക്ഷേ,
അവര്‍ക്കിടയിലുണ്ടായിരുന്ന
എന്തോ ഒന്ന് നഷ്ടമായിക്കൊണ്ടിരുന്നു.

എങ്കിലും അവരിപ്പോഴും ഫാന്റസിയിലാണ്!

(ഫാന്റസിയില്‍ നിന്നും യാഥാര്‍ത്ഥ്യത്തിലേക്ക് എത്ര ദൂരമെന്നാവും  എന്നെപ്പോലെ നിങ്ങളും ഇപ്പോള്‍ ചിന്തിക്കുന്നത്..)

നോക്കൂ,  അവരെത്ര പാവങ്ങളാണ്.
ഭ്രൂണഹത്യചെയ്യപ്പെട്ടതിനാല്‍ 
പിറക്കാതെപോയ 
കവിതക്കുഞ്ഞുങ്ങളുടെ 
മൗനരോദനത്തില്‍
മറ്റൊരാള്‍ കവിത രചിക്കുന്നത്
അവരറിയുന്നതേയില്ല.


 



ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

click me!