ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഷര്‍മിള സി നായര്‍ എഴുതിയ കവിതകള്‍
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
രണ്ടു മൗനങ്ങള്‍ക്കിടയിലെ വിലാപം...
നിലാവിലൂടിറങ്ങി
രണ്ടു കാലങ്ങളിലേക്ക്
നോക്കിയിരുന്ന
തണുപ്പന്‍ രാത്രികളിലെന്നോ
സമാന്തര രേഖകളാണ്
നമ്മളെന്നറിഞ്ഞിട്ടും നീ പറഞ്ഞു,
നക്ഷത്രങ്ങള്‍ കണ്ണു തുറന്നിരിക്കു-
ന്നൊരാകാശത്തിന്‍ ചോട്ടില്‍
നമുക്കൊന്നിക്കണം.
നമുക്ക് നേരേ നീണ്ട
സദാചാരക്കണ്ണുകള്‍ ഭയക്കാതെ
നീ എന്റേതാണെന്ന് ഞാനും
ഞാന്‍ നിന്റേതാണെന്ന് നീയും
വെറുതേ മോഹിച്ചു.
വൈരുദ്ധ്യങ്ങളേറെയുണ്ടായിട്ടും
മുളയിലേ നുള്ളണമെന്നറിഞ്ഞിട്ടും
ചേര്‍ത്തു പിടിച്ചു.
എന്നിട്ടും
എത്ര പെട്ടെന്നാണ്
മൗനത്തിന്റെ നീര്‍ച്ചുഴിയിലേക്ക്
നമ്മള്‍ വഴുതി വീണത്.
നോക്കിനോക്കിയിരിക്കെ
നമുക്കിടയിലെ അകലം
കൂടിക്കൊണ്ടേയിരുന്നു.
ഇന്ന്
ലാഭനഷ്ട കണക്കെടുപ്പില്‍
എത്ര അമര്‍ത്തി തുടച്ചിട്ടും
മാഞ്ഞു പോവാത്ത
ചുംബനപ്പാടുകള്‍ ബാക്കിയാക്കി
അപരിചിതരെപ്പോലെ
നമ്മള്‍.
നോക്കൂ,
രണ്ട് മൗനങ്ങള്‍ക്കിടയിലെ വിലാപം
എത്രവായിച്ചാലാണ്
മൂന്നാമതൊരാള്‍ക്ക്
മനസ്സിലാവുക?
കോളറക്കാലത്തല്ലാത്ത
ഒരു പ്രണയം!
ഏറെ നാളുകള്‍ക്ക് ശേഷം
നഗരത്തിലെ
ഒരു ഓട്ടോസ്റ്റാന്‍ഡിനുമുന്നിലാണ്
അവര്‍ കണ്ടുമുട്ടിയത്,
ഒരിക്കല്‍ പ്രണയിച്ചിരുന്നവര്‍.
നരപടര്‍ന്നു തുടങ്ങിയെങ്കിലും
ഹെയര്‍ സ്‌റ്റൈലിപ്പോഴുമതുതന്നെ.
അതാവണം
മാസ്‌ക് പാതി മറച്ചിട്ടും
എളുപ്പത്തിലവള്‍ തിരിച്ചറിഞ്ഞു.
തങ്ങളുടെ
പ്രണയമോര്‍ക്കുമ്പോഴെല്ലാം
ഫെര്‍മിന ഡാസയെ
ആണവള്‍ക്ക് ഓര്‍മ്മ വന്നത്.
* കോളറക്കാലത്തെ ഫെര്‍മിന.
പ്രണയം കേവലമൊരു വ്യാമോഹം
മാത്രമായിരുന്നെന്ന്
തിരിച്ചറിഞ്ഞപ്പോഴാണല്ലോ
അവളും തിരിഞ്ഞു നടന്നത്.
(ഫ്‌ലോറന്റിനോയെപ്പോലെ അയാള്‍
തന്റെ പ്രണയത്തിനായി കാത്തിരുന്നില്ലെന്നവള്‍)
കണ്ടിട്ടെത്ര കാലമായെന്നയാള്‍
കണ്ടമാത്രയില്‍ നെടുവീര്‍പ്പിട്ടു.
അവളോ
ഇന്നലെയല്ലേ കണ്ടതെന്ന ചിന്തയില്‍
വര്‍ഷങ്ങള്‍ക്കപ്പുറവും.
ഒരേ വഴിയ്ക്കാണെന്നറിഞ്ഞപ്പോള്‍
ഒരോട്ടോ മതിയല്ലോയെന്ന നിര്‍ദ്ദേശം
അവളുടേതായിരുന്നു.
എത്ര വേഗമാണയാളതു സമ്മതിച്ചത്.
ഏറെനാളായി നിര്‍ദ്ദേശങ്ങള്‍
അനുസരിച്ചു മാത്രം ശീലിച്ചവള്‍ക്ക്
തന്റെ നിര്‍ദ്ദേശം
അംഗീകരിയ്ക്കപ്പെട്ട സന്തോഷം
അടക്കാനായില്ല.
ഒരുവേള,
അയാളെ നഷ്ടപ്പെടുത്തിയല്ലോന്ന്
അവള്‍ പരിതപിച്ചു.
(ചില കാര്യങ്ങള്‍ മനസിലാവാന്‍ വൈകുമെന്ന് പിന്നീടവള്‍)
യാത്രയിലുടനീളം
സാമൂഹിക അകലം പാലിയ്ക്കാന്‍
അയാള്‍ പാടുപെടുന്നതുകണ്ടപ്പോള്‍
അവള്‍ ഉള്ളാലേ ചിരിച്ചു.
ഉയിരുകള്‍കൊണ്ട് എന്നേയകന്നവര്‍ക്ക്
എന്ത് സാമൂഹിക അകലം!
കുട്ടികള്‍, കുടുംബം
പിന്നെ,
അടുത്തിടെ കിട്ടിയ
പ്രമോഷന്‍...
അയാള്‍ വാചാലനായി.
തിരക്കിലെന്നും
തിരഞ്ഞിരുന്നുവെന്ന്
പറയുവാനവളെത്ര വെമ്പി.
ഇടവേളകളില്ലാതെ
ഇടവേളകളില്‍ നിറഞ്ഞവനേ,
അതൊന്നു പറയാനൊരിടവേള
തരൂന്ന് പറയാതെ പറഞ്ഞു.
എന്നിട്ടും...
(പണ്ടും അയാളിങ്ങനായിരുന്നല്ലോ,അവളൊരു കേള്‍വിക്കാരിയും)
ഒടുവില്‍,
മീറ്ററില്‍ നോക്കി പകുതി
കാശയാള്‍ നീട്ടിയപ്പോള്‍
കാമുകിയില്‍ നിന്നും
ഭാര്യയിലേക്കൊരു സ്ഥാനക്കയറ്റം
സംഭവിക്കാതെപോയതെത്ര നന്നെന്ന ചിന്തയില്‍
എന്തിനെന്നില്ലാതവള്‍ നെടുവീര്‍പ്പിട്ടു.
* കോളറക്കാലത്തെ പ്രണയം: ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ് എഴുതിയ നോവല്‍.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...