ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഷനില്‍ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
ഫ്ളാറ്റിലെ ശീതീകരിച്ച
മുറിയിലിരുന്ന് മകള്‍
കുന്നിനെ വരയ്ക്കുന്നു
കുന്നില്‍ മരങ്ങള്‍ വരയ്ക്കുന്നു
മരങ്ങള്‍ക്കും കുന്നിനും പച്ചനിറം
കുന്ന് കയറുന്ന
മനുഷ്യരെ വരയ്ക്കുന്നു
മനുഷ്യര്‍ക്ക്
നിഴലുകള്‍ വരയ്ക്കുന്നു
നിഴലുകള്‍ക്ക്
കറുത്ത നിറം കൊടുക്കുന്നു
കുന്നിന് മേല്‍
ആകാശത്തെ പന്തല് കയറ്റുന്നു
അവളുടെ മനം നിറയെ
തെളിഞ്ഞ മാനം
എന്നോടൊപ്പമുള്ള
ഓര്‍മ്മകളുടെ ഒരു കാട്
കുന്നിറങ്ങി വരുന്നു
അതിനെ ഓര്‍മ്മകളുടെ
മുള്ളുവേലിയില്‍ കെട്ടിയിടുന്നു
ഓര്‍മ്മകളില്‍ വലിഞ്ഞ്
മഷിക്കുപ്പി വീഴുന്നു
നിഴലുകള്‍ക്ക് കൊടുത്ത
കറുത്ത നിറം ആകാശത്ത് പടരുന്നു
ഫ്ളാറ്റിന് പുറത്തെ
ആകാശം അത് കാണുന്നു
മകളുടെ കണ്ണുകള്‍ പെയ്യുന്നു
ആകാശവും കുന്നും
മരങ്ങളും മനുഷ്യരും
കനത്ത മഴയില്‍ നനയുന്നു
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...