ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ഷനില്‍ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
കാലങ്ങള്‍ക്ക്
മായ്ക്കാന്‍
കഴിയാത്ത
ചിലനേരങ്ങള്‍
ഒറ്റയ്ക്ക് നിന്ന്
പല ഭാഷകളില്‍
പിണങ്ങി പെയ്യും
തോറ്റമ്പിയ
സങ്കല്‍പങ്ങളുടെ
വിശാലതയില്‍
അറിയപ്പെടാത്ത
അതിരുകളിലല്ലാം
സ്വകാര്യം പറയും
നിറങ്ങളെ ഊരിയെറിഞ്ഞ്
ആകാശച്ചെരുവില്‍
ഇരുട്ടിനെ പെറ്റിടും
ശബ്ദം നഷ്ട്‌പ്പെട്ട
വാക്കുകള്‍
ദേഹത്തങ്ങനെ
വ്യാപിച്ചു കിടക്കും
ഒന്നും പറയാനാകാതെ
സ്‌നേഹക്കണ്ണുകള്‍
മടിത്തട്ടിലൊളിക്കും
കിതച്ചും, നെടുവീര്‍പ്പിട്ടും
സ്വയംകത്തി
നേരമങ്ങനെ മാറിമറയും
ഇടനേരങ്ങളില്‍
വറ്റാത്ത സങ്കടങ്ങളുടെ
പരിഭാഷകള്‍
കുമ്പസരിക്കും
തടഞ്ഞുനിര്‍ത്താനാകുന്നില്ല
വാതില്‍ ദൂരങ്ങളില്‍
ഇഴപിരിഞ്ഞ കരച്ചില്‍
നിറയുന്നുണ്ട്
ജലത്തിന്റെ രുചി
കാലടികളില്‍ തണുപ്പ്.