ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഷംല ജഹ്ഫര്‍ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ഇന്നലെവരെ
അരമനയിലുണ്ടായിരുന്ന
സ്വര്‍ഗ്ഗത്തിന്റെ പ്രമാണപത്രം
എത്ര വേഗത്തിലാണ്
അന്യാധീനപ്പെട്ടതും
ചക്രവാളം കത്തിച്ചാമ്പലായതും.
അതിക്രമം താങ്ങിയ പകലുകള്‍
പരിഭ്രാന്തിയുടെ
നിശാവസ്ത്രമണിയുമ്പോള്‍
ശവപ്പറമ്പിലേക്ക് കൊണ്ടുപോകുന്നു,
കല്‍പന ശ്രവിച്ച കാലൊച്ചകളെ.
നോക്കൂ എങ്ങനെയെന്ന്;
അധികാരത്തിന്റെ തോക്കിന്‍
തലപ്പിലിരുന്ന്
വിദ്വേഷത്തിന്റെ ബോംബുകള്‍
ഒളിയായുധക്കാരന്റെ
സൂത്രക്കണ്ണാവുന്നത്,
ശാന്തമായ മണ്ണില്‍
അരക്ഷിതത്വത്തിന്റെ
ധാന്യം കിളിര്‍പ്പിക്കുന്നത് ,
നില തെറ്റിയ ജീവിതങ്ങളെ
കാഴ്ചയില്ലാത്ത ഭാവിയിലേക്ക്
പലായനപ്പെടുത്തുന്നത്.
സൂക്ഷിച്ചു നോക്കൂ;
ചിതറിപ്പോയ തലയോട്ടികളും
മറിഞ്ഞു വീണ പുല്‍നാമ്പുകളും
കൊടുങ്കാറ്റിന്റെ ചിറകിലിരുന്ന്
പ്രതിരോധത്തിന്റെ
പാഠമെഴുതുകയായിരുന്നു.
മരണങ്ങളുടെ തീരത്തുനിന്നും
ദൈവത്തിന്റെ
സിംഹാസനത്തോളമുയരുന്ന
മുറവിളി അന്തമില്ലാത്ത
വൃത്തത്തില്‍ കറങ്ങിക്കൊണ്ടിരുന്നു.
കാലാവസ്ഥകള്‍
മാറിമറിയുമെന്ന്
ഋതുക്കളുടെ ആകാശം
ഉച്ചത്തില്‍
പൊട്ടിത്തെറിക്കുന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...