Malayalam Poem : കണ്ണില്‍ കോറിയത്, ഷംല ജഹ്ഫര്‍ എഴുതിയ കവിത

By Chilla Lit SpaceFirst Published Dec 24, 2021, 3:12 PM IST
Highlights

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ഷംല ജഹ്ഫര്‍ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


Latest Videos

 

കണ്ണില്‍ കോറിയത് 

ദേശാടനത്തിലെ 
കാഴ്ച്ചയില്‍ 
കോറിയ ചിത്രം 
ആകാശം തേടിയ 
അയാളെ 
പൊള്ളിയടര്‍ത്തി.

ഉള്‍ച്ചുഴിയിലെ 
ഇരുള്‍ വഴികളിലാകെ 
നോവലകള്‍;
തീക്കാറ്റില്‍ 
ആടിയുലയുന്ന 
വിശപ്പിന്റെ വിളികള്‍ 
നെഞ്ചു  തുളക്കുന്ന 
ദൈന്യതയുടെ നോട്ടം.

ചിറക് പറിച്ചെറിയപ്പെട്ടു 
നിസ്സഹായത 
വരിഞ്ഞു 
മുറുക്കിയൊരുവള്‍,
കൊക്കില്‍ 
ഓക്കാനിച്ച എച്ചില്‍;
ചിതറിവീണ 
ചില്ലകളില്‍ 
പിടയുന്ന ജീവന്‍ 
ആ ജീവനില്‍ 
ചേര്‍ത്തുപിടിച്ച
നെഞ്ചകം.

അധികാരത്തിന്റെ 
കൂര്‍ത്ത നഖങ്ങളില്‍ 
തൂങ്ങുന്നത് 
ജനാധിപത്യത്തിന്റെ 
കറുത്ത എല്ലുകള്‍.

മതില്‍കെട്ടിനുള്ളില്‍ 
അടുക്കി വെച്ചിരിക്കുന്നു 
രക്തസാക്ഷികളുടെ 
ചിതലരിച്ച ഓര്‍മ്മകള്‍;

കെട്ടിനിറുത്തിയ 
വെള്ളത്തില്‍ 
ചത്തുപൊങ്ങുന്ന 
കുമിളകള്‍,
നിശ്ശബ്ദരാക്കപ്പെട്ടവരുടെ 
ഒച്ചപൊങ്ങാത്ത 
നിലവിളികള്‍ .
 

click me!