ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ശഹ്‌സാദ് എഴുതിയ രണ്ട് കവിതകള്‍
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
സ്വപ്നത്തില്‍
ഇരുട്ടിലും വെളിച്ചത്തിലും
ഒരുപോലെ തിളങ്ങുന്ന
ഒരാവരണമവള്‍ക്കുള്ളതായി
ജാലകവിടവിലൂടെ
അവന്‍ കാണുന്നു.
പക്ഷേ സ്വപ്നത്തിലത്
നിഴല്‍മാത്രമാവുന്നു.
റേഡിയോ ചാനല്‍
ട്യൂണ്‍ ചെയ്യും കണക്ക്
സ്വപ്നങ്ങള്‍ മാറികൊണ്ടിരിക്കെ
ഉറക്കത്തിന്റെ നീളം കുറയുന്നു.
സുബഹ് ബാങ്കിന്റെ
കമ്പനത്തില്‍ സ്വപ്നങ്ങള്‍
ജാലകങ്ങളിലേക്ക് പടര്‍ന്നു.
ഒരാള്‍ക്കൂട്ടം
സ്വപ്നത്തിലേക്കിറങ്ങിവന്നു.
ബാങ്കിന്റെ ശബ്ദം
മഴ പോലെ അവരില്‍
പെയ്തുകൊണ്ടേയിരുന്നു.
ജാലകത്തിനരികില്‍നിന്നും
അവരുടെ നട്ടെല്ല്
അവനിലാണെന്ന്
ജനക്കൂട്ടം നെടുവീര്‍പ്പിട്ടു.
അവന്റെ സ്‌നേഹപ്പെട്ടി
തുറക്കുമ്പോള്‍
എന്തായിരിക്കും കാണുന്നത്?
ആരാധ്യമായ ഒരു രൂപം?
ജാലകത്തില്‍
അതുപോലെയൊരു നിഴല്‍?
അവര്‍ ആകാംക്ഷയോടെ
നോക്കിനിന്നു.
ജാലകത്തിനുള്ളിലേക്ക്
വളഞ്ഞൊരു മാവിന്റെ കൊമ്പ്
അവിടെയുണ്ടായിരുന്നോയെന്ന്
സംശയിക്കപ്പെടുംവിധം
ഓര്‍മകളെ തടസപ്പെടുത്തി
രക്തം കട്ടപിടിപ്പിക്കുന്ന
ശക്തമായ ഒരാജ്ഞ
അപ്പോഴവിടെ മുഴങ്ങി.
അവനറിയാമായിരുന്നോ
ശരിക്കും ആ ജാലകത്തിനിപ്പുറം
അവര്‍ കാണാനാഗ്രഹിച്ചതെന്തെന്ന്?
അതുവരെയും
അവിടെയിണ്ടായിരുന്നത്
ആവര്‍ തന്നെയായിരുന്നോ
എന്നതിശയിപ്പിക്കും വിധം
ആള്‍ക്കൂട്ടം
തുര്‍ക്കിത്തൊപ്പി വെച്ച
നര്‍ത്തകരായി മാറി.
അവളെവിടെയെന്നു
തിരയുന്നതിനിടയില്‍
ജാലക വിടവിലൂടിറങ്ങിയ
പ്രകാശത്തിന്റെ താളത്തില്‍
ലയിച്ചു ചേര്‍ന്നു.
സോമാലിയന്‍ സല്‍ക്കാരം
മഴ തിമര്‍ക്കുന്നൊരു
പകലിലായിരുന്നു
അവളുടെ സല്‍ക്കാരം.
അരണ്ട വെളിച്ചം നിറഞ്ഞ
മുറിയുടെ മൂലയില്‍,
പുറത്തേക്കിറങ്ങരുതെന്ന്
കാവല്‍ക്കാരനെപ്പോല്‍
ഓര്‍മ്മിപ്പിക്കുന്ന മഴ.
ഔദില്‍നിന്നും പൊഴിയുന്ന
മുത്തുമണിനാദം.
തിമര്‍ത്തുപെയ്യുന്ന മഴയിലേക്കിറങ്ങി
തെരുവിലൂടൊരു ഭ്രാന്തനെപ്പോലെ
ഓടണമെന്നുണ്ടായിരുന്നപ്പോള്‍.
കാപ്പിനിറമുള്ള അവളെ
ആദ്യമായ് കാണുമ്പോള്‍
പ്രേമം കത്തുന്നുണ്ടായിരുന്നു
ആ കണ്ണുകളില്‍.
ചെറിപ്പഴം കടിച്ചുപിടിച്ചതാണോ
എന്ന് തോന്നിപോകും
മഴയില്‍ അവളുടെ ചുണ്ടുകള്‍.
അവളന്നെന്നെ സല്‍ക്കരിച്ചതും
തന്റെയെല്ലാമായ
ആട്ടിന്‍കുട്ടിയെ ആയിരുന്നു.
ജീവനോടിന്നലെ
അവളുടെ മടിയില്‍
മഴകൊണ്ടിരുന്നതും
ഈ ആട്ടിന്‍ കുട്ടി തന്നെയായിരുന്നല്ലോ
കാലങ്ങളായോടിക്കൊണ്ടിരിക്കുന്ന
തന്റെ പൂര്‍വികരെ
ആവാഹിച്ചതായിരുന്നു
അവളുടെ ശബ്ദം.
അതിലൂടെ കാണാമായിരുന്നു
അവര്‍ സഞ്ചരിച്ച വഴികള്‍.
ബോബ് മാര്‍ലിയുടെ
പാട്ടിലെന്ന പോലെ
മഴ അപ്പോഴും
താളം പിടിച്ചുകൊണ്ടേയിരുന്നു.
അവളുടെ
തൊണ്ടക്കുഴിയിലൂടറിഞ്ഞ
കാലങ്ങളൊന്നും
കഥകളായിരുന്നില്ല.
അവളെറിയുന്നോരോ നോട്ടങ്ങളിലും
അതുവരെയറിയാത്ത സുരക്ഷിതത്വം
തേടുന്നുണ്ടായിരുന്നു.
എന്നിലെ
ആണൊരുത്തന്‍ കണ്ടതെല്ലാം
അവളൊരു ചിരിയിലൂടൊതുക്കി
പറഞ്ഞുകൊണ്ടേയിരുന്നു.
അതിനിടയിലവള്‍
ആപ്പിള്‍ മണമുള്ള ഹുക്ക
കനലെരിച്ചൂതി തുടങ്ങി.
ഇടങ്ങളോരോന്നായില്ലാതാവുന്നത്
ഈ കുഴലിലെ പുകപോലെയെന്ന്
ഊറി ചിരിച്ചു.
മഴക്കാടുകളും മരുഭൂമികളും
പിന്നിലാക്കിയ കാലങ്ങളെ
ഓരോ പുകയിലൂടെയും
ഊതികൊണ്ടേയിരുന്നു.
അവളിലെ പ്രണയങ്ങളെല്ലാം
കാലുകളിലേക്ക്
വന്നു ചേരുന്നത് കൊണ്ടാവാം,
യുദ്ധമുഖങ്ങള്‍ താണ്ടിയ
ആ കാലുകളില്‍
സ്വര്‍ണരോമങ്ങളുള്ള
പൂച്ച തടവികൊണ്ടേയിരുന്നു.
ഇടങ്ങളില്ലാതായവരുടെ ഇടങ്ങളാണ്
ഓരോ പ്രണയവുമെന്നവള്‍.
അവളുടെ പ്രണയത്തിന്റെ ഭാഷ പോലും
അത്രയും പരുത്തതായിരുന്നു.
അതിലേക്കവള്‍ ജീവിതത്തെ
പിടിച്ചു കെട്ടിയിരുന്നു.