Malayalam Poem : വിളിക്കാത്ത വിരുന്നുകാരന്‍, ശഫീഖ് അബ്ദുല്ല എഴുതിയ കവിത

By Chilla Lit SpaceFirst Published May 22, 2022, 3:39 PM IST
Highlights

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  ശഫീഖ് അബ്ദുല്ല എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


Latest Videos

 

വിളിക്കാത്തൊരതിഥി 
വിരുന്നെത്തുമ്പോള്‍ 
വീട്ടിലൊരു വിളക്ക് 
തിരി താഴ്ത്തുന്നു.

പൊടുന്നനെയുള്ള 
ഇരുട്ടില്‍ 
അനിയന്ത്രിതമായി 
അലയടിക്കുന്നു 
രോദനങ്ങള്‍.

കാറ്റിനൊപ്പം
നൃത്തമാടാറുള്ള 
ചെടികളന്ന്  
പുതിയ വിരുന്നുകാരനെക്കണ്ട് 
കണ്‍മിഴിച്ചിളകാതെ നില്‍ക്കും.

പെട്ടെന്നെവിടെനിന്നോ 
പടികടന്നെത്തിയ 
ചന്ദനത്തിരിയും കര്‍പ്പൂരവും 
ഗന്ധം പരത്തി വീട്ടില്‍ 
അലഞ്ഞു തിരിയും.

അടുക്കളയന്ന് 
കുടലു കരിഞ്ഞ്,
തൊണ്ട വറ്റിയിട്ടും 
മിണ്ടാതിരിക്കും.

ശ്മശാന മൂകത 
തളംകെട്ടിയ വീട്ടില്‍ 
മൗനം താമസമാക്കുമ്പോള്‍ 
വിശ്രമമില്ലാതെ 
മിഴികള്‍ വാചാലമാകും.

പുണര്‍ന്ന വേരിനെ 
പിഴുതെടുക്കുമ്പോള്‍ 
പിടഞ്ഞ മണ്ണ് 
കണ്ണീര്‍ പോലെ
പെയ്തു കൊണ്ടിരിക്കും.

അതിഥിയോടൊത്ത്
പടിയിറങ്ങുമ്പോള്‍ 
വീട് 
ഹൃദയം പറിച്ചെടുക്കുന്ന 
വേര്‍പാടിന്റെ 
വിങ്ങലാവും. 
 


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!