ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഷബ്ന ഫെലിക്‌സ് എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
അടുക്കളപ്പുറത്തെ
വേവുകലങ്ങളില്‍
വെന്തുടഞ്ഞുപോയ
നുറുങ്ങുമോഹങ്ങളുണ്ട്.
ചവിട്ടും കുത്തും കഴിഞ്ഞ്
പുഴുങ്ങിയുണക്കി
ആരും
തുരന്നു കേറാത്ത
പത്തായപ്പുരയില്‍
ഞാന്‍ സൂക്ഷിച്ചവ.
അവയിന്നെന്നോട്
കലഹിക്കാന്‍ വന്നു.
ആദ്യം,
പൂത്തു പോയ യൗവനത്തിന്റെ
പൂക്കാതെ പോയ
ഇഷ്ടങ്ങളെ എണ്ണം ചൊല്ലിപ്പറഞ്ഞു,
അതും പോരാഞ്ഞ്
ചുളിവ് വീണ്
ഉറക്കം തൂങ്ങിനിന്ന
മേനിയെ നോക്കി
കൊഞ്ഞനം കുത്തികാണിച്ചു,
പിന്നെ
വലിയൊരു നിലവിളിയുടെ
അന്ത്യത്തില്‍
തിളച്ചു മറിയുന്ന
കാലചക്രച്ചുഴിയില്‍
കൂപ്പുകുത്തിവീണു.
.....................
Also Read : ബലൂണ്‍, സുജേഷ് പി പി എഴുതിയ രണ്ട് കവിതകള്‍
Also Read : ആണുങ്ങളില്ലാത്ത ലോകത്തില്‍, സിന്ദു കൃഷ്ണ എഴുതിയ കവിത
.....................
ഇരുളും വെളിച്ചവും
മാറി മാറി വന്ന നാളില്‍
തടിച്ചുരുണ്ട തവിയാലതിനെ
കുത്തിയിളക്കി ഞാന്‍
പലര്‍ക്കും വിളമ്പി.
ചിലര്‍ രസിച്ചു കഴിച്ചു,
ചിലര്‍ മുഖം കോട്ടി
എഴുന്നേറ്റുപോയി,
ചിലര്‍ ഏതോ വിചിത്രവസ്തുവെന്നപോലതില്‍
എന്തോ തിരഞ്ഞു.
ഒടുവിലാണത് കണ്ടത്
നാണം പൂണ്ട ഒരുത്തി
അടുക്കളപ്പുരയുടെ മൂലയ്ക്ക്
ഒളിച്ചു നില്‍പ്പുണ്ട്.
ചുഴിയില്‍ വീഴാന്‍ മടിച്ച്
ചുരങ്ങള്‍ താണ്ടാന്‍ കൊതിച്ച്
വേവുകലങ്ങളില്‍
വെന്തുടയാതെ
പ്രതീക്ഷയുടെ വിളക്ക് ഏന്തിയവള്‍;
ഇവളെ നിങ്ങള്‍ക്ക് എന്തും വിളിക്കാം,
വിഭ്രാന്തിയെന്നോ
പ്രത്യാശയെന്നോ
ഒന്നുമല്ലെങ്കില്‍
എന്റെ പേരെങ്കിലും.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...