ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. സതീശന്‍ ഒ പി എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
undefined
മഴപ്പാറ്റ
സന്ധ്യ, വേച്ചുനടന്നു പോയി
വന്നു നില്‍ക്കുന്നു,
മണ്ണിനിത്ര മണം കൊടുത്തൊരു
പുതുമഴപ്പെണ്ണ്.
മണ്ണെടുത്തു രുചിച്ചു നോക്കാന്‍
മനസ്സ് പറയുന്നു,
ദൂരെ രാവിന്‍ പാട്ടു പോലൊരു
കാറ്റു വീശുന്നു.
രാവു പൂശിയ കരിയെടുത്തൊരു
തിലകമാക്കുന്നു.
കൂരിരുട്ടിന്‍ പൂവു പോലൊരു
മണ്‍ചിരാതൊന്നില്‍
നീണ്ട കണ്മുന ചിമ്മി വീണ്ടും
അഗ്നി തെളിയുന്നു.
മണ്‍ചിരാതിന്‍ നാളമൊന്നു
പിടഞ്ഞെണീക്കുമ്പോള്‍.
അദൃശ്യമായൊരു നൂലുകൊണ്ട്
കൊരുത്തൊരീവണ്ണം,
അരികെ വന്നു കളിക്കയാണീ
മഴയുടെ കുഞ്ഞ്.
പേറ്റുനോവിന്‍ ഗന്ധമാവാം
മണ്ണുമണമെന്നും
പുതുമഴ പെറ്റിട്ടതാവാം
ഈ മഴപ്പാറ്റ.
ലോകമെത്ര പരന്നതാണി-
വനോര്‍ത്തു നില്‍ക്കുമ്പോള്‍
കുഞ്ഞുതീ ചെറുനാമ്പിലായി
ഭൂമി തിരിയുന്നു.
ക്ഷണികമെന്നാല്‍ ജീവിത-
രസമധുര പാനീയം
ആസ്വദിച്ചു രുചിച്ചു
മെല്ലെ നൃത്തമാടുന്നു.
വീണുപോകാം പലരുമെന്നാല്‍
കുഞ്ഞിതള്‍ പുറ്റില്‍
വാഴുവാനായ് ബാക്കിയുള്ളവര്‍
ഒത്തു നില്‍ക്കുന്നു.
നേരമേറെ ഇരുട്ടിടുന്നു
ബാക്കിയാവുന്നു,
പ്രണയമോടെ പൊഴിച്ച് മാറ്റിയ
കുഞ്ഞിതള്‍ ചിറക്.
എന്റെ കണ്ണിലുറക്കമോടെ
ഞാന്‍ മയങ്ങുമ്പോള്‍
പ്രണയമോടെ മരിച്ചുപോയവര്‍
വന്നു മുട്ടുന്നു,
പുലരി വന്നു വിളിച്ചിടുമ്പോള്‍
പൂക്കളാവുന്നു,
മരിച്ചുപോയവര്‍ ബാക്കിയാക്കിയ
കുഞ്ഞിതള്‍ ചിറക്.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...