ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സരിത മോഹന്‍ എഴുതിയ കവിതകള്‍
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
പുതുവര്‍ഷം
അക്കങ്ങള്‍ കൊരുത്തു
മാലയാക്കിയതും
ചുവപ്പും കറുപ്പും
നിറം ചാലിച്ചെടുത്തതും
ഇനിയുമറിയാത്ത
കാലത്തിന്നജ്ഞത
പോലൊരു ഞാന്‍,
മാവുപൂത്തതും
മാമ്പൂ പൊഴിഞ്ഞതും
മാനത്തമ്പിളി തെളിഞ്ഞതും
മഴവില്ലഴകും
മാഞ്ഞ മോഹങ്ങളത്രയും
കണ്ടില്ലേതു കാലത്തിന്‍
വികൃതിയെന്നറിയില്ല.
ഉണ്ണി പിറന്നതും
കുഞ്ഞിരിപ്പല്ല്
കാട്ടി ചിരിച്ചതും
ഇന്നലെപ്പോലെന്നമ്മ
ആവലാതിപ്പെടുമ്പോള്‍
ഉണ്മയില്ലാത്ത
ഉമ്മകളെയോര്‍ത്ത്
നെടുവീര്‍പ്പിന്നറ്റത്ത്
പെണ്മ കണ്‍കളെ
കോര്‍ത്തിടുന്നു
പകലൊഴിയുന്നു
രാവ് നുരയുന്നു.
ഇനിയും പിറക്കാത്ത
സങ്കടഖനികള്‍
ഗര്‍ഭത്തിലൂറിച്ചിരിക്കുന്നു.
വയറൊഴിയുന്നു
വരവറിയുന്നു
വാതിലുകള്‍
മലര്‍ക്കെത്തുറന്നിടുന്നു.
പഴയ വീടിന്‍
ചുമരില്‍ പല്ലിയും
പ്രാണിയും
പുതിയ വീടുവെയ്ക്കുന്നു.
അക്കങ്ങളേതും
മാറാതെ പുതുവര്‍ഷം
പിറന്നിടുന്നു.
മറവി, വഴി, ആകാശം
ഒരാളെ മറക്കാന്‍
തുടങ്ങിയാല്‍
നിങ്ങള്‍ കൂടുതല്‍ അടുക്കും
ചിട്ടയും ശീലിക്കും
അയാള്‍ കിടന്ന കിടക്കവിരികള്‍
ഉപയോഗിച്ച വസ്ത്രങ്ങള്‍
നിങ്ങളേറ്റവും സുന്ദരിയാവുന്നു
എന്ന് പറഞ്ഞു ഉമ്മവെച്ചിരുന്ന
ഉടുപ്പുകള്‍
അങ്ങിനെയെല്ലാം തന്നെ
കത്തിച്ചുചാരമാക്കേണ്ടതുണ്ട്.
അയാള്‍ വായിച്ച പുസ്തകങ്ങള്‍
അയാള്‍ക്ക് പ്രിയപ്പെട്ട മനുഷ്യര്‍
അയാളുടെ ശത്രുക്കള്‍
അയാളുടെ മിത്രങ്ങള്‍
അയാള്‍ക്ക് പ്രിയപ്പെട്ട
സുലൈമാനി
അയാള്‍ക്ക് പ്രിയപ്പെട്ട
പാട്ടുകള്‍,
എല്ലാമൊരിക്കലും
തുറക്കാനാകാത്ത
അലമാരയിലടച്ചു
താക്കോലെറിഞ്ഞു
കളയേണ്ടതുണ്ട്.
അയാളെയൊഴിപ്പിച്ചുകളയുമ്പോള്‍
ശൂന്യമായ അലമാരകളും
മേശകളും വൃത്തികൊണ്ടു
പുളയുകയും
ആയാസത്തില്‍
നൃത്തം ചെയ്യുകയും
നിങ്ങളെ നന്ദിപൂര്‍വ്വം
ചുംബിക്കുകയും ചെയ്യും.
അയാളൊഴിഞ്ഞുപോകുമ്പോള്‍
അങ്ങേയറ്റം ഭാരം കുറഞ്ഞ
ഹൃദയത്താല്‍ നിങ്ങള്‍
കാഴ്ചകളുടെ ലോകത്തേക്കുയരുകയും
അനുഭവങ്ങളുടെ തീക്ഷ്ണതയില്‍
ആകാശം കാണുകയും
അതിന്റെ തെളിച്ചത്തില്‍
ആശ്ചര്യപ്പെടുകയും ചെയ്യും.
ആകാശം, മണ്ണ്, മഴ, ശലഭങ്ങള്‍
നക്ഷത്രങ്ങള്‍, വള്ളിപ്പടര്‍പ്പുകള്‍
വെള്ളച്ചാട്ടങ്ങള്‍,
യാത്രകള്‍, പ്രിയപ്പെട്ട മറ്റു മനുഷ്യര്‍
അങ്ങിനെ ചുറ്റുമുള്ളതെല്ലാം
പ്രകാശിക്കുകയും
നിങ്ങളാ വെളിച്ചത്തില്‍
കൂടുതല്‍ തെളിമയോടെ
ലോകം കാണുകയും
ലോകംനിങ്ങളെ
ക്കാണുകയും ചെയ്യും.
നോക്കൂ നിങ്ങള്‍
ിങ്ങളെയിപ്പോള്‍
എത്ര വൃത്തിയായാണ്
അടുക്കിപ്പെറുക്കി
വെക്കുന്നതെന്ന് ,
എത്ര സുന്ദരമായാണ്
പുഞ്ചിരിക്കുന്നതെന്ന്
എത്ര മായമില്ലാതെയാണ്
മറ്റു മനുഷ്യരെ
സ്‌നേഹിക്കുന്നതെന്ന്.
ഒരാളെ പാടെ മറന്നപ്പോഴേക്കും
നിങ്ങളെത്ര നന്നായാണ്
നിങ്ങളെ അടുക്കിപ്പെറുക്കി
വെക്കുന്നത്!
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...