ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സമുദ്ര നീലിമ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
നിങ്ങളുടെ ക്ലാസ്സില്‍ ഞാന്‍ നനഞ്ഞു.
ഞാന്‍ കുട്ടിക്കാലമോര്‍ത്തു.
പത്ത് വയസ്സ്.
പുളിമരങ്ങള്‍.
ഞാന്‍ പൊടുന്നനെ തന്നെ തിരിച്ചു വന്നു.
ചില്ലയൊടിഞ്ഞു.
ഇരിപ്പിടം ഒലിച്ചുപോയി.
ജലബാധ.
ചത്ത കടല്‍കാക്കകളുടെ ചിറകുകള്‍,
പ്ലാസ്റ്റിക് കുപ്പികള്‍ കുരുങ്ങിയ പായല്‍ക്കൂട്ടം,
നരച്ച തലകള്‍
ഉപരിതലത്തില്‍ വന്നുപോയി.
കടലില്‍ വളരുന്ന പുളിമരങ്ങള്‍.
പത്തുവയസ്സ്.
ജനല്‍കാഴ്ച.
പുളിമരങ്ങള്‍.
നിങ്ങള്‍ അടുത്തേക്ക് വന്നു.
പാഠം സംഗ്രഹിക്കാന്‍ പറഞ്ഞു.
കടലില്‍ വളരുന്ന പുളിമരങ്ങള്‍.
ഇലകളില്‍ കാറ്റ്.
ഉറുമ്പുകള്‍.
ഞാന്‍ ക്ലാസുമുറിയ്ക്ക് പുറത്തേക്കു നോക്കി.
എന്റെ നനവ് കനം വെച്ചു.
പൂപ്പലുകള്‍ പൊങ്ങി.
ക്ലാസ്സ്മുറി ഞാന്‍ ഓര്‍ക്കുന്നുണ്ടായിരുന്നു.
ക്ലാസ്സുമുറിയുടെ മണം ഞാന്‍ ഓര്‍ക്കുന്നുണ്ടായിരുന്നു.
ഞാന്‍ സംഗ്രഹിക്കാന്‍
ശ്രമിച്ചപ്പോഴൊക്കെ
എല്ലാതരം മുറികളിലും പുളിമരങ്ങള്‍ വളര്‍ന്നു.
വാഹനങ്ങള്‍ക്കുള്ളില്‍ പുളിമരങ്ങള്‍ വളര്‍ന്നു.
അതെ കാറ്റ്.
അതെ ഉറുമ്പുകള്‍.
പുളി.
കടലില്‍ വളരുന്ന പുളിമരങ്ങള്‍.
നനഞ്ഞു കൊണ്ടുതന്നെ ഞാന്‍ ലോകം ചുറ്റി.
നനഞ്ഞു ഞാന്‍ ആളുകളെ കണ്ടുമുട്ടി.
ചുരുക്കം ചിലര്‍ എന്നെ ക്ഷമയോടെ ശ്രദ്ധിച്ചു.
അവരെന്നെ ഉമ്മ വെച്ചു.
എന്റെ കവിതകള്‍ വായിച്ചു.
അവര്‍ കോണ്ടം ധരിക്കാന്‍ തുടങ്ങി.
പ്രഭാത വെളിച്ചത്തിന്റെ മണത്തിനൊപ്പം
അവര്‍ അപ്രത്യക്ഷരായി.
ചിലര്‍ തിരിച്ചു വന്നു.
അവരെ ഉണങ്ങിയ ഓറഞ്ച് തൊലി മണത്തു.
ചിലര്‍ തിരിച്ചു വന്നില്ല.
അവരെ നട്ടെല്ലിലെ കശേരുക്കള്‍ക്കിടയില്‍
പുസ്തകങ്ങള്‍ കണക്കെ
ഭദ്രമായി അടുക്കി വെച്ചു.
അവര്‍ കനത്ത്
എന്റെ മുതുക് വളഞ്ഞു.
ആളുകള്‍ എന്റെ നട്ടെല്ലിനുള്ളില്‍ കലഹിച്ചു.
അവര്‍ക്കെതിരെ
പത്തുവയസ്സുകാരി
മൊട്ടുസൂചി കാലുകളൂന്നിയൂന്നി
നനവിലേക്ക് കയറിപോയി.
ഞാന്‍ നനഞ്ഞു തുടര്‍ന്നു.
നനവ് ഒരിക്കലും വിട്ടുമാറിയില്ല.
വിശപ്പ് നിലവിട്ടു.
ഈര്‍പ്പം നിലനിന്നു.
ഇളക്കിയെടുത്ത ബസ്സ് സീറ്റുകള്‍
തണുപ്പുകാലത്തെ
പൊടിയമര്‍ന്ന കിടപ്പുമുറി
പഴയ നോട്ടുബുക്കുകള്‍
സിനിമാടിക്കറ്റുകള്‍
രാത്രി രണ്ടുമണി
നിയോണ്‍ മഞ്ഞ
നടുവിരലുകള്‍
എന്നെ എന്നെതന്നെയെന്ന്
എന്നാല്‍ എന്നെയല്ലയെന്നെയല്ലെന്ന്
ഞാന്‍ തിന്നു കൊണ്ടേയിരുന്നു.
എല്ലാത്തിലും ഭൂമി പുളിച്ചു.
ഞാന്‍ പുളിച്ചു.
പുളി എന്റെ ബോധമായി ഉറച്ചു.
ബോധം ബാധയായവളെ
തൊടുക എളുപ്പമല്ല.
പുളിക്കും.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...