റോസ്‌മേരി, സജീദ് ആയങ്കി എഴുതിയ കവിതകള്‍

By Chilla Lit Space  |  First Published Jul 16, 2021, 7:23 PM IST

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് സജീദ് ആയങ്കി എഴുതിയ കവിതകള്‍


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

Latest Videos

undefined

 

നിങ്ങളാരേലും കണ്ടോ,
മൂന്നാം നിലയില്‍ നിന്നും 
റോസ്‌മേരി 
വീണു മരിച്ചത്?

ഒന്നാം നിലയില്‍
തേയില മണം
മാറാത്ത
രണ്ട് ചുണ്ടുകള്‍
വീണ്ടുമൊരു ചായക്കായി
ഉച്ചത്തില്‍
വിളിക്കുമ്പോഴല്ലെ
റോസ്‌മേരിയുടെ
അമ്മച്ചിയേന്നുള്ള 
നിലവിളി കേട്ടത്

രണ്ടാം നിലയിലെ
കിടപ്പ് മുറിയില്‍നിന്നും
മറുപടി കേള്‍ക്കാഞ്ഞിട്ടല്ലേ
റോസ്‌മേരിയുടെ അപ്പനെ
അയാള്‍ തെറി വിളിച്ചത്

റോസ്‌മേരി ചുട്ടുവെച്ച
ഊത്തപ്പത്തിന്റെ
മണമടിച്ചല്ലെ വെളുപ്പിനെ
കോഴികളെല്ലാം ഉണരുന്നത്

തിരുരൂപത്തിന്റെ മുമ്പില്‍ ്
താലികെട്ടുന്ന ചിത്രത്തിനൊപ്പം
ചുവരില്‍ തൂക്കിയിട്ട 
കലണ്ടറിലെ ദിനങ്ങളെല്ലാം
ദു:ഖവെള്ളിയായല്ലേ
റോസ്‌മേരി കാണുന്നത്,

നിലവിളികേട്ട് ഓടിവന്ന
അമ്മായമ്മ നെഞ്ചില്‍
കയ്യിട്ടടിച്ച് കരയുമ്പോള്‍
വളകളെല്ലാം
റോസ്‌മേരിയുടെ
കൈകളിലേക്ക്
മാത്രമല്ലേ നോക്കിയത്,

മൂന്നാം നിലയില്‍ നിന്നും
വീണ് മരിച്ച,
അല്ല,
ചാടിമരിച്ച റോസ്‌മേരി
മുറ്റത്തൊരു 
ശവപ്പെട്ടിയില്‍ 
റോസാച്ചെടി വളരുന്നതല്ലേ
അവസാനമായി കണ്ടത്

റോസ്‌മേരിയെല്ലാവര്‍ക്കും 
''പൊന്ന്''പോലെയാണ്!

പാവം, മൂന്നാംനില
തൂത്തുവാരുമ്പോള്‍
തെന്നിവീണ് മരിച്ചതാണ്...


ഒരുവരയിലെ രണ്ടുവര

ഞാന്‍ ഒരേദിവസം
ദരിദ്രനും
ധനികനുമാകാറുണ്ട്,

നഗരത്തിലെ രാജകൊട്ടാരത്തിന്റെ 
കവാടത്തിനടുത്തെത്തിയാല്‍
ഞാന്‍ ദരിദ്രനാവും,

എന്റെ ഇറ്റാലിയന്‍ ഷൂസ്
ഊരിവെച്ച്
ചുട്ടുപൊള്ളുന്ന 
കരിങ്കല്‍ തറയിലൂടെ 
ദരിദ്രനായ തവളയായി 
അകത്തേക്ക് കടക്കും,

പാറാവുകാരുടെ
ചൂണ്ടുവിരലുകളുടെ
നേര്‍രേഖയിലൂടെ
ഇഴഞ്ഞുനീങ്ങി
ചുവര്‍ ചിത്രങ്ങളിലെ
കൗതുകങ്ങളെ
ഭിക്ഷയായി സ്വീകരിക്കും,

കൊട്ടാരത്തില്‍ നിന്നും
തിരിച്ചിറങ്ങി
ദരിദ്രനില്‍ നിന്നും
ധനികനിലേക്ക്
ആര്‍ഭാടത്തിന്റെ
ചുവടുകള്‍ വെച്ചുതുടങ്ങും

ധനികനിലേക്കുള്ള ദൂരം
കൊട്ടാരത്തിന് മുമ്പിലെ
ചായക്കടക്കാരന്റെ
പെരുന്നാള്‍ തലേന്ന്
നിന്നും പിറ്റെദിവസത്തിലേക്കുള്ള
സമയം മാത്രമാണ്,

തെരുവ് കച്ചവടക്കാരുടെ
ഇടയിലൂടെ 
നടന്നുപോകുമ്പോഴുള്ള
അവരുടെ വിളികള്‍
നാട്ടുപ്രമാണിയുടെ
പരിവേഷമെന്നിലുടുപ്പിക്കും,

നടക്കുമ്പോള്‍
കൊറിക്കുവാന്‍
ഉന്തുവണ്ടിയില്‍
ഇരുമ്പ് ചട്ടിയില്‍കൂട്ടിയ
കനലുകളുടെ
പൊള്ളലേറ്റുവെന്ത
ചോളക്കായയൊന്ന് വാങ്ങും, 

പാതിമാത്രം കഴിച്ചത്
റോഡരികിലേക്കെറിയുമ്പോള്‍
ദരിദ്രരായ കര്‍ഷകരുടെ
വീട്ടിലെ നായകളുടെ 
കുരകേള്‍ക്കും,
രണ്ടുകാതുകളും പൊത്തും,

ദരിദ്രരുടെ മുഖങ്ങളെ
ഉമ്മവെക്കുന്ന 
വെയില്‍ക്കാറ്റുകള്‍
തിരിച്ചു പോകുന്നതു
കാണുമ്പോള്‍
ധനികനായയെന്റെ
നഗരസവാരിയുടെ
അവസാനവുമെത്തും,

ആര്‍ഭാടത്തിന്റെ
പൊടിപിടിച്ച ചുവടുകള്‍
പോളിഷ് ചെയ്യുവാനായി
ഭിക്ഷയിരിക്കുന്നവര്‍
വിരിച്ച തുണിയിലേക്ക്
നാണയത്തുട്ടുകളെറിയും,

കുറച്ചകലെനിന്നിത് കാണുന്ന
ചെരുപ്പുതുന്നികളുടെ സൂചിമുനകള്‍
കൊട്ടാരത്തിന് മുന്നിലെന്നെയാദ്യം
ദരിദ്രനാക്കിയ ഇറ്റാലിയന്‍
ഷൂസിലേക്ക് നോക്കും,

ഞാനങ്ങനെ ഒരേദിവസം 
ദരിദ്രനും ധനികനുമാകാറുണ്ട്.

click me!