Malayalam Poem : ചില്ലുകുപ്പികളില്‍ ചിലര്‍, സാഹി സലാം എഴുതിയ കവിത

By Chilla Lit Space  |  First Published Mar 11, 2022, 4:02 PM IST

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.   സാഹി സലാം എഴുതിയ കവിത

 


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


Latest Videos

undefined

 

ചില്ലുകുപ്പികളില്‍ ചിലര്‍


വരൂ,
നമുക്ക്
ആകാശങ്ങള്‍
നിഷേധിക്കപ്പെട്ടവരെക്കുറിച്ച് പറയാം.

പഞ്ഞി മേഘങ്ങള്‍ അടുക്കി വെച്ച
നക്ഷത്രങ്ങള്‍ കണ്‍തുറക്കുന്ന
മഴവില്ലുകള്‍ ചിത്രം വരക്കുന്ന
ആകാശം നിഷേധിക്കപ്പെട്ടവര്‍

ചിറകു വിടര്‍ത്താനാവാതെ
ഒരു കീറാകാശം വിധിക്കപ്പെട്ടവര്‍
കൂടുകളില്‍ കഴിയുമ്പോഴും
ആകാശം തൊടാതെ
വര്‍ണ്ണത്തൂവലുകള്‍ കാത്ത്
ശ്വാസം മുട്ടുന്നവര്‍


മനസ്സിലായിരമാകാശങ്ങള്‍
കിനാ കാണുന്നവര്‍


വരൂ,
കടലുകള്‍ 
നിഷേധിക്കപ്പെട്ടവരെക്കുറിച്ച് പറയാം.


തീരത്തെ തലോടിയോടുന്ന
അലകടലും
ആഴങ്ങളില്‍ കാണാക്കാഴ്ചകള്‍
ഒളിപ്പിക്കുമാഴിയും
ചെകിളകളില്‍ പൂക്കള്‍ 
വിരിയുന്ന അനക്കങ്ങളുടെ
മഹാസാഗരവും
നഷ്ടപ്പെടുന്നവര്‍

അവര്‍
മനച്ചിറകുകളാല്‍ 
കടല്‍ നീന്തുന്നവര്‍
ചില്ലുകുപ്പികളില്‍
ജീവപര്യന്തം
അടക്കപ്പെട്ടവര്‍.


വരൂ, നമുക്കിനി
അമ്മയെക്കുറിച്ച് പറയാം.

പാത്രങ്ങളോട് 
കഥ പറയുന്നവള്‍,
ചുവരുകളോട്
മിണ്ടുന്നവള്‍,
ദിവസവുമനേക കാതം നടന്നിട്ടും
എങ്ങുമെത്താത്തവള്‍.


സുര്യനെ ഉണര്‍ത്തുന്നള്‍
സമയത്തെ തോല്‍പിക്കുന്നവള്‍,
രാപ്പകല്‍ വീടിനുള്ളില്‍ 
നിറയുന്നവള്‍, 
ആകാശവും ഭൂമിയും
മുറികളിലറിയുന്നവള്‍,
സ്വയം തടവറയാവുന്നവള്‍. 

സ്വാതന്ത്ര്യം 
ചിലപ്പോള്‍ 
അടഞ്ഞ വാതിലിനുനേര്‍ക്കുള്ള
ചിറകനക്കമാണ്!

 


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!