Love Poem: ഉമ്മറത്തൊരതിഥി, പ്രണയം!,

By Chilla Lit Space  |  First Published Feb 14, 2024, 2:54 PM IST

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  സഫൂ വയനാട് എഴുതിയ കവിത
 


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

undefined

 

ഉമ്മറത്തൊരതിഥി, പ്രണയം!

ഉച്ചമയക്കത്തിനിടെ
നിര്‍ത്താതെ
ആരോ കതകില്‍
മുട്ടുന്നു.

ഇതാരാണപ്പാന്ന്
വാതില്‍ തുറന്നപ്പോ 
എന്നോ കണ്ടു മറന്നൊരു
രൂപം മഴ നനഞ്ഞു കുളിച്ച്,
ഉമ്മറത്തു വന്നു നില്‍ക്കുന്നു.

കണ്ട് മറന്നതെങ്കിലും
പെട്ടെന്ന് ഓര്‍മ്മകിട്ടാഞ്ഞതിനാല്‍
തെല്ലു സങ്കോചത്തോടെ 
ഞാന്‍ ആരെന്ന് ചോദിച്ചു.

'പ്രണയം!'
മൂപ്പര് കൂസലന്യേ പേരു പറഞ്ഞു.

ഞെട്ടല്‍ തട്ടം കൊണ്ട് മറച്ചു, 
വെരി സോറി, 
എനിക്ക് നിങ്ങളെ അറിയില്ലെന്ന് പറഞ്ഞ്
പ്രണയത്തെ പുറത്താക്കി
ഞാന്‍ വാതില്‍ വലിച്ചടച്ചു.

ഇടക്ക് വാതില്‍ പാളിയിലൂടെ
പ്രണയം പോയോന്ന്  പാളി നോക്കി,
ജാലക വിരി മാറ്റി
കാത്തു നില്‍ക്കുന്നുണ്ടോന്ന്
വെപ്രാളപ്പെട്ടു.
അപ്പോഴെല്ലാം 
കണ്ണിറുക്കി അവനേതോ 
മായാജാലം കാട്ടി.

കുളിരു സഹിക്കവയ്യ കതക് തുറക്കെന്ന് കേണവന്‍.
ഇല്ല തുറക്കില്ല, 
തുറന്നാല്‍ 
നീയെന്നില്‍ കാട്ട് വള്ളിപോല്‍ പടര്‍ന്നുകയറി 
ശ്വാസം മുട്ടിച്ചു കൊല്ലുമെന്ന് 
ഞാന്‍ പ്രണയത്തോട് ഗോഷ്ടി കാട്ടി.

നിന്ന നില്‍പ്പില്‍ അവന്‍ എന്നില്‍ 
വസന്തത്തെ വരച്ചു.
ജനലരികില്‍ ഹേമന്തത്തെ നട്ടു വച്ചു 
വര്‍ഷത്തെ ഉള്ളം കയ്യില്‍ വച്ചുതന്നു 
നിലാവിന്റെ ഇറുത്തെടുത്തെന്റെ 
ഉമ്മറപ്പടിയിലിട്ടു,
കണ്ണില്‍കവിതയൊഴിച്ചു
കതക് തുറക്കാന്‍ കാത്തിരുന്നു 

കൗതുകം തോന്നി
കതക് തുറന്ന ഞാന്‍
പ്രണയത്തിന്റെ തോളില്‍
തളര്‍ച്ചകള്‍ മറന്നു തലചായ്ച്ചു
അവനെന്റെ കവിളില്‍ കൈ ചേര്‍ത്ത്
കട്ടന്‍ കാപ്പിയുടെ ഇളം ചൂട് പകര്‍ന്നു 

അഞ്ചു കൊല്ലങ്ങള്‍ക്ക് മുന്നേ
അവസാനമായി കണ്ട കഥ 
ഞാന്‍ ഓര്‍ത്തു പറഞ്ഞപ്പോള്‍
പ്രണയം പൊട്ടി ചിരിച്ചു.

ഇനിയൊരിക്കലും 
പിരിഞ്ഞു പോകില്ലെന്ന് പ്രണയം
പ്രണയത്തോടെയൊരു ഉറപ്പ് 
എന്റെ ഹൃദയത്തില്‍ ഇറുത്തിട്ടു .
തൊട്ടു നോക്കുമ്പോള്‍ 
നിന്നെ പ്രണയമെന്ന് പൊള്ളുന്നനാള്‍ 
പ്രണയിക്കാമെന്ന ഉറപ്പ് ഞാനും!

പ്രണയം, 
പ്രണയം തന്നെയാണോ
എന്ന് വിശ്വാസം വരാതെ 
ഞാന്‍ പ്രണയത്തിന്റെ മുഖത്ത് 
ഇടയ്ക്കിടെ നോക്കി,
മാറിനിന്ന് ആലോചിച്ചു.

പ്രണയം എന്റെ മുഖത്ത് നോക്കി ചിരിച്ചു
കാടുകയറിയുള്ള എന്റെ ചിന്ത കണ്ട് 
നീ പ്രണയത്തില്‍ വീണെന്ന് കളിയാക്കി.

'ഈ മഴയൊന്നു തോര്‍ന്നെങ്കില്‍?'

പ്രണയം ഇടയ്ക്കിടെ പിറുപിറുത്തു.

പ്രണയം 
പടിയിറങ്ങാന്‍ തിടുക്കം  കൂട്ടുന്നത് 
ഞാന്‍ അറിഞ്ഞതേയില്ല...
 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!