ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് സബ്‌ന എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
ഇശാ മഗ്‌രിബിന്റെ
ഇടയിലെ നീട്ടിയുള്ള
ഫോണ്‍ മണി കേട്ട്
ചെവി വട്ടം പിടിച്ചു
മറുപടിയൊന്നുമില്ലാതെ
ഫോണ്‍ വെച്ച്
വാപ്പ ധൃതിപ്പെട്ട്
മുറ്റമിറങ്ങി നടക്കുമ്പോള്‍
ടോര്‍ച്ച് എടുക്കാതെ പോയല്ലോ
എന്നോര്‍ത്ത്
മനസ്സ് ആവലാതിപ്പെട്ടു
പൊടി കുഴക്കുന്ന കൈ
പൊന്തിച്ചു പിടിച്ച്,
ഉമ്മാന്റെ ഒക്കത്തിരുന്ന്
കരയുന്ന ഇളയ ചെക്കനെ
മടിയില്‍ വാങ്ങി
വായിലേക്ക് മുല തിരുകി,
ഞരമ്പ് പൊട്ടിച്ച് ചോര വലിച്ച്
കുടിക്കണമാതിരി
ചെക്കന്‍ വയര്‍ നിറച്ചു
ഓന്റെ ചിറി തുടച്ച്
തൂങ്ങിയ മാറിടം
കുപ്പായത്തിനുള്ളിലൊളിപ്പിച്ച്
ചപ്പാത്തിക്ക് വീണ്ടും
ആഞ്ഞു കുഴച്ചു ഉരുളയാക്കുമ്പോഴാണ്
ചോരയില്‍ കുളിച്ച കെട്ടിയോനെയും കൊണ്ട്
വാപ്പ വീട് കയറി വന്നത്
ആര്‍ത്തു കരഞ്ഞ
എന്നെ നോക്കാതെ
കെട്ട്യോന്‍ തല കുമ്പിട്ടിരുന്നു
അങ്ങേര്‍ക്ക് ഉടുതുണിയില്ലായിരുന്നു,
വെളുത്ത മേനി തിണര്‍ത്ത്
പൊന്തിയിട്ടുണ്ട്
വാപ്പാന്റെ ഷര്‍ട്ടു കൊണ്ട്
നാണം മറച്ച് പിടിച്ചിരിക്കുന്നു..
ഉമ്മ നീട്ടിയ
ഫോറിന്‍ കള്ളിത്തുണി ാങ്ങി,
കെട്ട്യോന്‍ മാളിയേമ്മല
മുറിയിലേക്ക് നടന്നു.
പൊടിപറ്റിയ കൈ കഴുകാതെ
ഞാനും
കുളിമുറിയിലെ തറയില്‍
പതിഞ്ഞിരിക്കുന്ന അയാളെയാകെ
വെള്ളം ഒഴിച്ചു കഴുകി,
എന്റെ കയ്യും ശൂന്യമായി
ഗോതമ്പിന്റെ പശ പശപ്പ്
നഖത്തില്‍ മാത്രം പറ്റി പിടിച്ചു,
തല തോര്‍ത്തി കണ്ണിലേക്ക്
തുറിച്ചു നോക്കിയിട്ടും കെട്ട്യോന്‍
എന്നോട് മിണ്ടീല
അങ്ങോട്ട് മിണ്ടാന്‍
എനിക്കും തോന്നീലാ
അലമാരയിലെ ഷര്‍ട്ട്
എടുത്ത് കൊടുത്തപ്പോഴാണ്
വല്ലാത്ത ഒച്ചപ്പാട് കേട്ടത്,
ഞാന്‍ പോയി നോക്കാമെന്നും പറഞ്ഞ്
തട്ടം ചുറ്റി കെട്ടി
ഞങ്ങളുടെ മുറി വിട്ടിറങ്ങി
പൂമുഖ വാതിലിന്റെ
മറവില്‍ നിന്ന് തല പുറത്തേക്ക് നീട്ടി
എന്റെ ചുരിദാര്‍ സ്ഥിരമായി തുന്നാന്‍
കൊടുക്കുന്ന അങ്ങാടിയിലെ
പീടിക മുറിയിലെ
മുഖക്കുരുവുള്ള
ചുറ്റിത്തതട്ടമിടുന്ന
തയ്യല്‍ക്കാരി പെണ്ണിന്റെ അമ്മാവനെ
എനിക്ക് പെട്ടെന്ന്
മനസ്സിലായി,
അയാളൊരു മൊയ്‌ല്യരാണ്
ഓള്‍ യത്തീമാണന്നും
ഇന്റെ ഓന്‍ ഓളെ ഒപ്പം
കിടക്കാന്‍ തുടങ്ങിയിട്ട്
ഒട്ട് കാലമായെന്നും
അതോണ്ട് ബന്ധം
ഹലാലാക്കണമെന്നും
അയാള്‍ ശാഠ്യം പിടിച്ചു.
നാട്ടുകാര്‍ മീന്‍ പറയുന്നപോലെ
അത് പാസ്സാക്കി
വാപ്പ വാതിലിനു മറവിലെ
എന്നെ നോക്കി,
എന്റെ മിണ്ടാട്ടം മുട്ടി.
വെക്കം അടുക്കളയിലേക്ക് നടന്നു
മാവ് ഇടിച്ചു കുഴച്ചു
ബേജാറാവണ്ട
അനക്ക് രണ്ട് ആണ്‍മക്കള്‍ അല്ലേ,
ഇതൊക്കെ ആണുങ്ങള്‍ക്ക്
പറഞ്ഞതല്ലേന്നും ചൊല്ലി
ഉമ്മ പത്തിരി പ്രസ്സില്‍
രണ്ട് ഇറ്റ് വെളിച്ചണ്ണ ഒഴിച്ചു
എന്നെ മയപ്പെടുത്താന്‍ നോക്കി
ഞാന്‍ മീണ്ടീല്ലാ
പ്പാത്തി വട്ടം വെച്ച്
അരിക് പൊട്ടാതെ പൊടി തട്ടി
പത്തിരി കല്ലില്‍ നിരത്തി വച്ചു..
മുറ്റത്ത്
പിന്നേം പിന്നേം ആള്‍ക്കാര് കൂടി
വര്‍ത്താനത്തിന്റെ മട്ടും കെട്ടും മാറി,
ചപ്പാത്തി പൊള്ളയായി
എന്നെ നോക്കി നിന്നു.
ഇന്നലെ പേരിനുപോലും പൊന്താത്ത
നൈസ് പത്തിരിയുടെ
കാര്യമോര്‍ത്ത്,
ഉരുളക്കിഴങ്ങ് വെട്ടി വെട്ടി നുറുക്കി
അടുപ്പത്ത് വെച്ചു
'ഓളെ ഞാന്‍ കെട്ടിക്കോളം'
കെട്ട്യോന്റ പ്രഖ്യാപനം കേട്ട്
പൊടികുഴച്ച പാത്രം
ഉരച്ചു കഴുകി
രായ്ക്ക് രാമാനം
എടുപിടി
കെട്ട്യോന്‍ വീണ്ടും കെട്ടി,
എന്നോട് സമ്മതം ചോദിക്കാതെ
ബന്ധം ഹലാലാകുമോ
എന്ന ചിന്തയില്‍
മൂത്ത മോനെ കമ്പിളി പുതപ്പിച്ചു,
ഒരു കൈ കൊണ്ട്
തൊട്ടിലിന്റെ കയര്‍
വലിച്ചാട്ടി
സ്ഥലം മാറി കിടന്നിട്ടും മക്കള്‍ ഉറങ്ങി
ഞാന്‍ മാത്രം കണ്ണും മിഴിച്ച് കിടന്നു..
മുല്ലപ്പൂ ഒന്നുമില്ലാത്ത
മണവാട്ടിയായി വെളുപ്പിനെ
കറുത്ത റീബോക്ക്
ബാഗും തൂക്കി
കെട്ട്യോന്റെ
കെട്ട്യോള്‍
വന്നു കേറി
ഓള്‍ ഉമ്മാന്റെ ഒപ്പരം ഇരുന്ന്
പാല്‍ച്ചായ കുടിച്ചപ്പോള്‍
ഞാന്‍ കോണിപ്പടി
കേറി മണ്ടി
ഹിന്ദിക്കാരെ കയ്യില്‍ നിന്ന് വാങ്ങിയ
ബെഡ്ഷീറ്റ് നീട്ടി വിരിച്ച്
എന്റെ തുണി മണികള്‍
ബെഡ്ഷീറ്റില്‍ കെട്ടി ഭാണ്ഡമാക്കി.
കല്യാണത്തിനുടുത്ത പച്ചസാരി മാത്രം
റാക്കിനു മോളിലേക്ക് കവറഴിക്കാതെ
എറിഞ്ഞു കൊണ്ട്
ഓരെ മണിയറയുടെ വാതിലു ചാരി
വിരുന്നുകാര് വരുമ്പോള്‍ കിടക്കണ മുറിയില്‍
എന്റെ വീട്ടുകാര്
എനിക്ക് വേണ്ടി
ന്യായം ചോദിക്കാന്‍ വരുന്നതും കാത്ത്
ഇരുന്നു മയങ്ങി
മുച്ചന്തി മോന്തി വരെ
വെറുക്കനെ പ്രതീക്ഷിച്ച
പ്രതീക്ഷയെ പിന്നെ
ദിക്ര്‍ മണി നീക്കി പറഞ്ഞയച്ചു..
ഞാനും മക്കളും പറ്റി പിടിച്ചു കിടന്നു
എന്റെ കണ്ണിനു ഉറക്കം വന്നില്ല,
കെട്ട്യോന്റ മുറിയിലെ സീറോ ബള്‍ബിന്റെ
വെളിച്ചം നോക്കി ഞാനെന്റെ
പണയം വച്ച നാക്ക് പിടിച്ച് വലിച്ചു.
പതിവ് പോലെ ഒച്ച പുറത്തു വന്നില്ല.
ഞാനും നാവും ജീച്ചിരിക്കുന്ന
മയ്യത്തായിരുന്നുവത്രെ!