ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് സാബിത്ത് അഹമ്മദ് മണ്ണാര്‍ക്കാട് എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
ഡിസംബറിലെ വസന്തം പൂത്തകാറ്റ്
ചുണ്ടുകളില്‍ തുരുതുരാ ഉമ്മവെച്ചു തരും.
യാത്ര പറയലങ്ങനെയാണ്.
വേര്‍പാടിന്റെ പീഡനങ്ങളേറ്റ്
കരിഞ്ഞുണങ്ങിയ ചുണ്ടുകളില്‍
രക്തം പൊടിയും.
റൂഹ് അതേറ്റ് പിടയും.
ആശ്വാസഹസ്തമായി കുളിര്‍കാറ്റുകള്‍
പിന്നെയും താലോലമാട്ടും.
ഓര്‍മ്മകളുടെ പിന്‍വാങ്ങലില്‍
വിറങ്ങലിച്ച്
ഗുല്‍മോഹര്‍ പൂത്ത പോലെ
ദിനരാത്രങ്ങള്‍ നിലം പെയ്യും.
ഞെട്ടറ്റ് വീഴുന്ന കരിയിലകള്‍
കണ്ണുകളില്‍ വട്ടം കറങ്ങും.
ഈ വസന്തവും അങ്ങനെ ഇലകൊയ്യും.
വഴിവക്കുകളില്‍ കൂമ്പാരങ്ങളാല്‍ മറയും.
ഒരാണ്ട് മുഴുവനും
കലണ്ടറിലെ പേജുകള്‍ മറിച്ചിടുമ്പോള്‍
കൊടുത്തു വീടാത്ത കടങ്ങളില്‍ ചിലത്
വെട്ടാതെ കിടപ്പുണ്ടാകും.
മറന്നു പോകാതിരിക്കാന്‍ വേണ്ടി.
നീണ്ടൊരു കൊല്ലം
ഒറ്റരാത്രികൊണ്ട് അവസാനിക്കുമ്പോള്‍
ഞാനും നീയും പുതുവര്‍ഷം ഏറ്റുവാങ്ങും.
ചുണ്ടിലെ മുറിപ്പാടുകളും
ഇലകൊഴിഞ്ഞ ശിഖരങ്ങളും
പൂര്‍ത്തിയാവാത്ത കടമകളും
ബാക്കിയാക്കി
പുതിയൊരു കലണ്ടര്‍
ചുമരിലെ ആണിയില്‍
തറച്ച് വെക്കും.