Malayalam poem ; ഇരുളില്‍ ചിലര്‍, രേഖ ആര്‍ താങ്കള്‍ എഴുതിയ കവിത

By Chilla Lit Space  |  First Published Dec 23, 2021, 5:46 PM IST

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് രേഖ ആര്‍ താങ്കള്‍ എഴുതിയ കവിത


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


Latest Videos

undefined

 

രാത്രിസഞ്ചാരത്തിനിടയില്‍
അവിചാരിതമായാണ്
ഒന്ന് ടോര്‍ച്ചടിച്ചു നോക്കിയത്!

ഇരുണ്ട മൂലയിലെ 
ആ ജീവലോകം കണ്ടമ്പരന്നു!
എന്തൊക്കെയാണവിടെ
ചുരുണ്ട് കിടക്കുന്നത്!

ചിലതൊക്കെ ഇഴഞ്ഞിറങ്ങാന്‍
വെമ്പല്‍ കൊള്ളുന്നപോലെ!

പുറന്തോടിനുള്ളില്‍
തല പുറത്തേക്കിടാതെ
പതുങ്ങിയിരിക്കുന്നവരുമുണ്ട്

എത്ര ശ്രമിച്ചിട്ടും അടക്കിവയ്ക്കാനാവാതെ 
തേരട്ടയെ പോലെ ഇഴഞ്ഞു കയറുന്നവര്‍

അറിയാതെ ഇടയ്‌ക്കൊക്കെ
ചിലര്‍ മൂരി നിവര്‍ത്തുന്നു

തറനനവിലവിടവിടെ ചുരുണ്ടുകൂടി
വഴുവഴുപ്പിനെ മറച്ചവരുമുണ്ട്

ചിലര്‍
പിണഞ്ഞുചേര്‍ന്നൊന്നായി മാറുന്നു

എന്നെങ്കിലും
സ്വതന്ത്രരാവുമെന്ന  മോഹത്താല്‍ 
തലപൊക്കി നോക്കുന്നവരുമുണ്ട്

അടര്‍ന്നുവീണ കരിങ്കല്ലുകള്‍ക്കിടയില്‍
ഞെരിഞ്ഞമര്‍ന്ന്
അസ്ഥികൂടങ്ങളായി മാറിയവര്‍

കനത്തയിരുട്ടില്‍ പുളച്ചുനടന്ന്
സ്വര്‍ഗ്ഗീയാനന്ദം നുണയുന്നവരെ
ഏറെനേരം ടോര്‍ച്ചടിച്ച് വേദനിപ്പിക്കരുത്.

ഇതൊന്നും കണ്ട്  ഭയപ്പെടേണ്ടതുമില്ല
വെളിച്ചം കാണാന്‍ ഒരിക്കലും
അവരെ നമ്മള്‍ അനുവദിക്കുകയില്ലല്ലോ

ഏതെങ്കിലും വിടവില്‍ക്കൂടി
അതിസാഹസത്താല്‍
ഒരെണ്ണം പുറത്തെത്തിയാല്‍
കഴിഞ്ഞില്ലേ കഥ!

അടിച്ചുകൊല്ലാനും
ചവിട്ടിത്തേയ്ക്കാനും
ഞാന്‍ മുന്‍പേ ഞാന്‍ മുന്‍പേയെന്ന്
എത്രപേര്‍!

click me!